ടൂറിന്‍(ഇറ്റലി): കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ യുവന്റസിനെ 3-0ന് തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഇരട്ട ഗോള്‍ നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലായിരുന്നു റയലിന്റെ ആധികാരിക ജയം. തുടര്‍ച്ചയായി 10 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റിയാനോ സ്വന്തമാക്കി.

കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോ ഗോളടിക്ക് തുടക്കമിട്ടു. 64-ാം മിനിറ്റില്‍ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ റൊണാള്‍ഡോ രണ്ടാം ഗോളും നേടി. 72-ാം മിനിറ്റില്‍ മാഴ്‌സലോയുടെ വകയായിരുന്നു റയലിന്റെ മൂന്നാം ഗോള്‍.

ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന് മത്സരത്തില്‍ പലപ്പോഴും പരുക്കന്‍ അടവുകളും കണ്ടു. യുവന്റസിന്റെ ഡിബാല ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

റൊണാള്‍ഡോ ബൈസിക്കിള്‍ കിക്കിലൂടെ നേടിയ ഗോളായിരുന്നു കളിയിലെ ഏറ്റവും ആകര്‍ഷണീയത. ഡാനി കര്‍വാജല്‍ നല്‍കിയ ക്രോസ് ബൈസിക്കിള്‍ കിക്കിലൂടെ റൊണാള്‍ഡോ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ യുവന്റസിന്റെ പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ ബഫണിന് കാഴ്ചക്കാരന്റെ റോള്‍ മാത്രമാണുണ്ടായിരുന്നത്.