കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഹനുമാന്‍ സേന ഭാരത്, ശ്രീരാമ സേന തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. ഹര്‍ത്താലുമായി ബന്ധമില്ലെന്നും ഹര്‍ത്താലിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും ആര്‍.എസ്.എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഹനുമാന്‍ സേന നേതാവ് ഭക്തവത്സലന്‍ പറഞ്ഞു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ പിന്തുണ പ്രഖ്യാപിക്കാത്തതിനാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കാന്‍ സാധ്യതയില്ല.