Cricket

ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്താം; സന്നദ്ധത അറിയിച്ച് ഇ.സി.ബി

By webdesk17

May 10, 2025

ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്‍കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി). 16 ഐ.പി.എല്‍ മത്സരങ്ങളാണ് സീസണില്‍ ഇനി ശേഷിക്കുന്നത്. അതേസമയം സംഘര്‍ഷം മയപ്പെടുത്താനായാല്‍ ഇന്ത്യയില്‍തന്നെ ടൂര്‍ണമെന്റ് തുടരാനാകും ബി.സി.സി.ഐയുടെ നീക്കം.

ബി.സി.സി.ഐ സമീപിച്ചാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് വേദിയാകാന്‍ തയാറാണെന്ന് ഇ.സി.ബി ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് ഗൗള്‍ഡ് അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് ഐ.പി.എല്‍ ക്രിക്കറ്റ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബി.സി.സി.ഐ അറിയിച്ചത്. സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് തീരുമാനം അറിയിച്ചത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷാഭീഷണിയുള്ള സാഹചര്യത്തിലാണ് മത്സരങ്ങള്‍ മാറ്റിവെക്കുന്നത്.

ധരംശാലയില്‍നടന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച നടന്ന ഐ.പി.എല്‍ ഗവേണിങ് ബോഡി യോഗത്തിനുശേഷമാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനമെടുത്തത്.

ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, ടീം ഫ്രാഞ്ചൈസികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിര്‍ദ്ദേശം.