തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചു. ആരോഗ്യ ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ധനാണ് കത്തയച്ചത്. ഈ ഗവേഷണ സ്ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കുന്നതിലൂടെ സ്ഥാപനത്തിന്റെ യശസ് നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്ന് കത്തില്‍ പറഞ്ഞു. പൊതു മണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള കക്ഷികള്‍ രംഗത്തെത്തിയിരുന്നു. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.