തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയില്‍ റെക്കോര്‍ഡിലെത്തി അരിവില. ആന്ധ്രയില്‍നിന്നുള്ള ജയ അരിയുടെ വില നാല്‍പ്പതിനോട് അടുക്കുകയാണ്.

കൊല്ലം നഗരത്തിലെ മൊത്തവ്യാപരകടയില്‍ അരി വില 35 രൂപയാണ്. ഇവിടെനിന്ന് അരി പൊതുവിപണിയിലെ ചെറുകിടക്കാരിലൂടെ ജനങ്ങളിലേക്ക് എത്തുമ്പോള്‍ വില 37. സംസ്ഥാന ചരിത്രത്തിലെ ഏറ്റവു വലിയ വിലയാണിത്. വിലകുതിച്ചുയര്‍ന്ന കഴിഞ്ഞ ഓണക്കാലത്തു പോലും 32 രൂപയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്ന അരി വിലയാണ് ഒരു നിയന്ത്രണവുമില്ലാതെ മുന്നോട്ട് പോകുന്നത്.

അരിവില കുതിച്ചുയരുന്നതിനു കാരണമായി ആന്ധ്രയിലെ മില്ലുടമകള്‍ പറയുന്ന വാദം അരി ക്ഷാമമെന്നാണ്. എന്നാല്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉത്പാദനം കുറഞ്ഞതിന്റെ മറവില്‍ ആന്ധ്രയിലെ മില്ലുടമകള്‍ കൃത്രിമമായ ക്ഷാമമുണ്ടാക്കുന്നതായും സംശയമുണ്ട്. മൊത്ത വ്യാപാരികള്‍ സ്റ്റോക്ക് പുഴ്ത്തിവച്ച് വിലക്കൂട്ടുന്നതായും ആരോപണമുണ്ട്. ആന്ധ്രയില്‍ നിന്നുള്ള വരവ് നാലിലൊന്നായാണ് കുറഞ്ഞത്. അരിവില കുതിച്ചുകയറുമ്പോള്‍ ആന്ധ്രയിലെ മില്ലുടമകളുമായി ചര്‍ച്ച നടത്തി വില നിയന്ത്രിക്കാനോ മറ്റു നടപടിക്കോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.