കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമിടോമിയെ ചോദ്യം ചെയ്തു. നേരിട്ട് വിളിച്ചാണോ ചോദ്യം ചെയ്യലെന്ന് വ്യക്തമായിട്ടില്ല. ഫോണിലൂടെ ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ചോദിച്ചുവെന്നാണ് അറിയുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവം എങ്ങനെ അറിഞ്ഞു. അതിനുശേഷം ആരെയാണ് വിളിച്ചത് എന്നെല്ലാം പോലീസ് ചോദിച്ചറിഞ്ഞതായാണ് സൂചന. നടി ആക്രമിക്കപ്പെട്ടതിനുശേഷം റിമി ദിലീപുമായും കാവ്യമാധവനുമായും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ചില ഉത്തരങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നും റിമി ടോമിയെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാവുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ദിലീപുമായി റിമി ടോമിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായും നടി ആക്രമിക്കപ്പെട്ട കേസില്‍ സംശയകരമായ ബന്ധമുള്ളതായും പോലീസിന് അറിവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

നേരത്തെ ഒരു ടി.വി അവതാരകയെ ചോദ്യം ചെയ്യുമെന്ന രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്നാണ് റിമിയെ ചോദ്യം ചെയ്തുവെന്ന് പുറത്തുവരുന്നത്. അതേസമയം, കേസില്‍ കാവ്യമാധവനേയും ശ്യാമളയേയും വീണ്ടും ചോദ്യം ചെയ്യും. കാവ്യയുടെ മൊഴികള്‍ അവിശ്വസനീയമാണെന്നാണ് പോലീസ് പറയുന്നത്.