മുംബൈ: ഭീമ-കൊറേഗാവ് യുദ്ധ വാര്‍ഷികവുമായി ബന്ധപ്പട്ട് മറാത്താ-ദളിത് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ മഹാരാഷ്ട്രയില്‍ സാമുദായിക കലാപത്തിന് വഴിയൊരുക്കുന്നു. തിങ്കളാഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്നലെ കൂടുതല്‍ മേഖലകളിലേക്ക് സംഘര്‍ഷം വ്യാപിച്ചു. ഇതേതുടര്‍ന്ന് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങളോട് സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
കൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികത്തില്‍ ദളിത് വിഭാഗക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് മറാത്താ വിഭാഗക്കാര്‍ ഇരച്ചുകയറി ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഇന്നലെ മുംബൈ, പൂനെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അക്രമികള്‍ വാഹനങ്ങള്‍ തകര്‍ത്തതും ട്രെയിന്‍ തടഞ്ഞതും സ്ഥിതിഗതികള്‍ വഷളാക്കി.
സംഘര്‍ഷത്തില്‍ മുംബൈ, പൂനെ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളും നിരത്തിലിറങ്ങാന്‍ മടിച്ചു. മുംബൈയുടെ പ്രാന്ത പ്രദേശങ്ങളായ ചെമ്പൂരിലും മുലുന്ദിലും ദളിത് സംഘടനകള്‍ റോഡ് ഉപരോധിച്ചു. ബന്ദൂപ്, രമാഭായ് അംബേദ്കര്‍ നഗര്‍, വിക്രോളി, നെഹ്‌റു നഗര്‍, കുര്‍ള എന്നിവിടങ്ങളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ചെമ്പൂര്‍, വിക്രോളി, മങ്കുര്‍ദ്, ഗോവണ്ടി എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ബലമായി കടകളും മറ്റും അടപ്പിച്ചു.
സാധാരണ ജൂഡീഷ്യല്‍ അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കില്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി ബി.ആര്‍ അംബേദ്കറുടെ പൗത്രന്‍ പ്രകാശ് അംബേദ്കര്‍ രംഗത്തെത്തി. ബോംബെ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ തന്നെ അന്വേഷണത്തിന് നിയോഗിക്കണം. തെളിവുകള്‍ ശേഖരിക്കാനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും കമ്മീഷന് അധികാരം നല്‍കണം. ദളിത് സമുദായക്കാരന്‍ അല്ലാത്ത ജഡ്ജിയെ വേണം അന്വേഷണത്തിന് നിയോഗിക്കാനെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
1818ല്‍ മറാത്താ സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിലാണ് ഭീമ-കൊറേഗാവ് യുദ്ധം അരങ്ങേറിയത്. ബ്രിട്ടീഷ് സൈന്യത്തിനായിരുന്നു വിജയം. ബ്രിട്ടീഷ് സൈന്യത്തില്‍ നിരവധി ദളിതരും ഉള്‍പ്പെട്ടിരുന്നു. തൊട്ടുകൂടാത്തവരായി കണക്കാക്കിയിരുന്ന ദളിതര്‍ ഉന്നത ജാതിക്കാരായ മറാത്തികള്‍ക്കെതിരെ നേടിയ യുദ്ധ വിജയം എന്ന നിലയിലാണ് ഭീമ-കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വിജയ വാര്‍ഷികം ആഘോഷിക്കുന്നത്.