ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 73.45 ശതമാനം പോളിങ്. അണ്ണാഡി.എം.കെ, ഡി.എം.കെ, ടി.ടി.വി ദിനകരന്‍ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലത്തില്‍ ടുജി സ്‌പെക്ട്രം കേസിന്റെ വിധി ഫലം ഡി.എം.കെക്ക് അനുകൂലമാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 2004നു ശേഷം തമിഴകത്ത് ഒരു ഉപതെരഞ്ഞെടുപ്പിലും ഭരണകക്ഷി തോറ്റിട്ടില്ല. ജയലളിതയുടെ ആസ്പത്രി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത് വഴി സ്വതന്ത്രനായി മത്സരിക്കുന്ന ടിടിവി ദിനകരന്‍ ഉണ്ടാക്കിയ മേല്‍ക്കൈ ടുജി വിധിയോടെ നഷ്ടമാകുമോ എന്നറിയാന്‍ ഞായറാഴ്ച വരെ കാത്തിരിക്കണം. ഫലം എന്തായാലും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അത് വലിയ അലയൊലികള്‍ സൃഷ്ടിക്കും.