ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും സിനിമാതാരം രജനികാന്തിന്റെയും വീട്ടില്‍ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഭുവനേശ്വരന്‍ (21) മുഖ്യമന്ത്രിയുടെയും രജനികാന്തിന്റെയും വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തത്.

ഫോണ്‍ കോള്‍ ട്രേസ് ചെയതതുവഴിയാണ് ഭുവനേശ്വരനെ പിടികൂടിയത്. ഗൂഡല്ലൂരില്‍വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ചെന്നൈ പൊലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ പറഞ്ഞു. ഇയാള്‍ മാനസികരോഗത്തിന് ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

നേരത്തേയും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതക്കുനേരെ ബോംബ്ഭീഷണി മുഴക്കിയതിന് 2013-ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.