ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് സൂചന നല്‍കി നടന്‍ രജനീകാന്ത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് പിന്‍മാറ്റമെന്നാണ് സൂചന. ഫാന്‍സ് അസോസിയേഷനുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രായാധിക്യവും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. രജനി ഈ വിഷയം ചൂണ്ടിക്കാട്ടി ഫാന്‍സ് അസോസിയേഷന് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കത്ത് തന്റെതല്ലെന്ന് രജനി പറഞ്ഞു.

2017 ഡിസംബറിലാണ് രജനി രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രജനി നിലപാട് വ്യക്തമാക്കുമെന്ന് കരുതിയിരിക്കുന്നതിന്റെ ഇടയിലാണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിക്കുന്നത്.