Connect with us

More

സംവരണം റദ്ദാക്കാന്‍ വീണ്ടും കരുനീക്കി ആര്‍.എസ്.എസ്

Published

on

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും താഴ്ന്ന ജാതിക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കി വരുന്ന സംവരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും കളമൊരുക്കി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സംഘ് പരിവാറിന്റെ സംവരണ വിരുദ്ധ നിലപാടിന് പിന്തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് തലവന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.
നേരത്തെ ഇതുസംബന്ധിച്ച് മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് കളമൊരുക്കിയിരുന്നു. 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭഗവതന്റെ പരാമര്‍ശം ബി.ജെ.പിക്ക് വന്‍ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംവരണ വിരുദ്ധ നിലപാട് നേരിട്ട് അവതരിപ്പിക്കാതെ വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ആര്‍.എസ്.എസ് തലവന്റെ നീക്കം. സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ സംവരണം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്നാണ് ആര്‍.എസ്.എസ് തലവന്റെ പുതിയ വാദം. സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിനെ എതിര്‍ക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാവണം. സംവരണത്തെ എതിര്‍ക്കുന്നവര്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളതും കേള്‍ക്കാന്‍ തയ്യാറാവണം. അങ്ങനെ സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുവരട്ടെ – ആര്‍.എസ്.എസ് തലവന്‍ പറഞ്ഞു.
ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാ ദത്തമായി അനുവദിച്ചു നല്‍കിയിട്ടുള്ള സംവരണാവകാശങ്ങളെ അടച്ചെതിര്‍ക്കുക എന്ന വരേണ്യവര്‍ഗ നിലപാടാണ് സംഘ്പരിവാര്‍ സംഘടനകളും ആര്‍.എസ്.എസും എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ പരസ്യപ്രകടനമായിരുന്നു 2015ലെ മോഹന്‍ ഭഗവതിന്റെ പരാമര്‍ശം.
രാജ്യത്ത് നിലനില്‍ക്കുന്ന സംവരണം സംബന്ധിച്ച് പുനഃപരിശോധന വേണമെന്നായിരുന്നു അന്നത്തെ വിവാദ പരാമര്‍ശം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടതോടെ അദ്ദേഹം പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. സാമൂഹ്യമായ അസമത്വം നിലനില്‍ക്കുന്നിടത്തോളം കാലം സംവരണം എടുത്തു കളയാനാവില്ലെന്ന് നിലപാട് തിരുത്തുകയായിരുന്നു. എന്നാല്‍ ഒരു ഇടവേളക്കു ശേഷം വിഷയം വീണ്ടും പിന്‍വാതില്‍ വഴി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍.എസ്.എസ് നീക്കമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പരാമര്‍ശം.
പ്രത്യക്ഷത്തില്‍ സംവരണത്തെ എതിര്‍ക്കുന്നതാണെന്ന് തോന്നില്ലെങ്കിലും ഇത്തരമൊരു വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതിലൂടെ തന്നെ ആര്‍.എസ്.എസിന്റെ താല്‍പര്യം പ്രകടമാണ്. മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് സംഘടിപ്പിച്ച വിജ്ഞാന്‍ ഉത്സവ് എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഭഗവതിന്റെ പുതിയ പരാമര്‍ശം.
കേന്ദ്ര സര്‍ക്കാറിന്റെ അജണ്ട നിശ്ചയിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് മോഹന്‍ ഭഗവത് പ്രസംഗത്തില്‍ പറഞ്ഞു. സംഘ് പരിവാറും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറും രണ്ട് വ്യത്യസ്ത വേദികളാണ്. ഒരു കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റുള്ളവര്‍ പങ്കുകാരോ ഉത്തരവാദികളോ അല്ല. കേന്ദ്ര സര്‍ക്കാറില്‍ സംഘ്പരിവാര്‍ അണികളുണ്ട്. സംഘ് പരിവാറിന് പറയാനുള്ളത് അവര്‍ കേള്‍ക്കുന്നുണ്ടാകാം. എന്നാല്‍ അത് അംഗീകരിക്കണമെന്നില്ല. വിയോജിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഘ്പരിവാറിന്റെ ദളിത് വിരുദ്ധ – പിന്നാക്ക വിരുദ്ധ നിലപാടാണ് മോഹന്‍ ഭഗവതിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സംവരണം അവസാനിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പരാമര്‍ശമെന്നും സുര്‍ജേവാല ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

2025 മെയ് മുതൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്

Published

on

ന്യൂഡൽഹി: സമീപ ആഴ്ചകളിൽ ഇന്ത്യൻ അധികാരികൾ നൂറുകണക്കിന് ബംഗാളി മുസ്‌ലിംകളെ ‘നിയമവിരുദ്ധ കുടിയേറ്റക്കാർ’ എന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ‘ഇന്ത്യൻ പൗരന്മാരായ ബംഗാളി മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിലൂടെ ഇന്ത്യ ഭരിക്കുന്ന ബിജെപി വിവേചനത്തിന് ആക്കം കൂട്ടുകയാണ്.’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏഷ്യ ഡയറക്ടർ എലൈൻ പിയേഴ്സൺ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കണ്ടെത്തലുകൾ അറിയിച്ചുകൊണ്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും പിയേഴ്സൺ പറഞ്ഞു.

‘ഇന്ത്യൻ സർക്കാർ പുറത്താക്കപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ മെയ് 7 നും ജൂൺ 15 നും ഇടയിൽ ഇന്ത്യ 1,500-ലധികം മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ബോർഡർ ഗാർഡ് ബംഗ്ലാദേശ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മ്യാൻമറിൽ നിന്നുള്ള ഏകദേശം 100 റോഹിംഗ്യൻ അഭയാർത്ഥികളും ഉൾപ്പെടുന്നു.’ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പത്രക്കുറിപ്പിൽ പറയുന്നു. 2025 മെയ് മുതൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള സർക്കാരുകൾ ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ഈ നടപടിയെന്ന് HRW ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശ് അതിർത്തി പ്രദേശത്തുള്ള അസമിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ നിന്ന് മെയ് മാസത്തിൽ ഏകദേശം 100 റോഹിംഗ്യൻ അഭയാർഥികളെ ഇന്ത്യൻ അധികൃതർ പുറത്താക്കിയാതായി റിപ്പോർട്ടിൽ പറയുന്നു. മ്യാൻമറിന് സമീപമുള്ള 40 റോഹിംഗ്യൻ അഭയാർഥികളെ അധികൃതർ നിർബന്ധിച്ച് ലൈഫ് ജാക്കറ്റുകൾ നൽകി കടലിൽ തള്ളിയതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (OHCHR) റിപ്പോർട്ട് ചെയ്തിരുന്നു. മ്യാൻമറിനെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ടോം ആൻഡ്രൂസ് ഇതിനെ ‘മനുഷ്യ മാന്യതക്ക് അപമാനം’ എന്നാണ് വിശേഷിപ്പിച്ചത്. റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുന്നത് തടയാനുള്ള അപേക്ഷ ഇന്ത്യൻ സുപ്രിം കോടതി മെയ് ആദ്യത്തിൽ നിരസിച്ചു, ഇന്ത്യൻ നിയമപ്രകാരം അവർ വിദേശികളാണെന്ന് കണ്ടെത്തിയാൽ അവരെ നാടുകടത്തണമെന്നും കോടതി പറഞ്ഞു.

Continue Reading

More

റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം

തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു

Published

on

മോസ്‌കോ: റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 49 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ് അതിര്‍ത്തിയിലെ അമിര്‍ മേഖലയില്‍ വെച്ച് കാണാതാവുകയായിരുന്നു. തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

യാത്രയ്ക്കിടെ വിമാനത്തിന് തീപിടിച്ച് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അമിര്‍ സെന്റര്‍ ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ഫയര്‍ സേഫ്റ്റി അധികൃതര്‍ വ്യക്തമാക്കി. മലയിടുക്കിലാണ് വിമാനം തകര്‍ന്നു വീണതെന്നും അധികൃതര്‍ സൂചിപ്പിച്ചു. വിമാനത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് കുട്ടികള്‍ അടക്കം 43 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

1950 കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ചെടുത്ത ഇരട്ട ടർബോപ്രോപ്പ് ഗതാഗത വിമാനമാണ് അപകടത്തിൽപ്പെട്ട An-24. അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെയാണ് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷ്യമായതെന്ന് പ്രാദേശിക ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇടതൂർന്ന വനങ്ങളാലും ദുർഘടമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടതാണ് ഈ പ്രദേശം.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചു. ഇത് ന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിച്ചുവരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത 2 ദിവസത്തിനുള്ളില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതോടെ കേരളത്തിലും തിങ്കളാഴ്ച വരെ വീണ്ടും മഴ/ കാറ്റ് ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, തൃശൂര്‍,പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍,കാസര്‍കോട്, ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

26 ന് കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍,പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

27 ന് എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്.

 

Continue Reading

Trending