ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ബിജെപി ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് വിശദീകരണം തേടിയത്. മറുപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കാണ് നോട്ടീസ് അയച്ചത്.

പാലക്കാട്ടെ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തുന്നതിനായിരുന്നു വിലക്ക്. എന്നാല്‍ വിലക്ക് ലംഘിച്ച് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുകയും ചെയ്തു.
എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറാണ് വിലക്കേര്‍പ്പെടുത്തിയത്.

ജനപ്രതിനിധികള്‍ക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളുകളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നായിരുന്നു കലക്ടര്‍ ചൂണ്ടിക്കാട്ടിയത്.

ഇക്കാര്യം ഉന്നയിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്.പിക്കും ആര്‍.എസ്.എസ് നേതൃത്വത്തിനും കലക്ടര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ വിലക്ക് മറി കടന്ന് ആര്‍എസ്എസ് നേതൃത്വം ചടങ്ങുമായി മുന്നോട്ടുപോകുകയായിരുന്നു. ചടങ്ങില്‍ ദേശീയഗാനത്തിനു പകരം ദേശീയഗീതമായ വന്ദേമാതരം ആലപിച്ചതും വിവാദമായിരുന്നു. ഇത് നാഷണല്‍ ഫളാഗ് കോഡിന്റെ ലംഘനമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.