കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ മംഗലാപുരത്ത് നിന്ന് എറണാകുളത്തെത്തിച്ച പിഞ്ചു കുഞ്ഞിനെതിരെ വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ പ്രവര്‍ത്തകന്‍. ബിനില്‍ സോമസുന്ദരം എന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണ് പിഞ്ചു കുഞ്ഞിനെതിരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത വിളമ്പിയത്. കുഞ്ഞ് ‘ജിഹാദിയുടെ വിത്തായതിനാലാണ്’ കേരളം ഒറ്റക്കെട്ടായി ആംബുലന്‍സിന് വഴിയൊരുക്കിയതെന്നും സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കിയതെന്നുമാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിയത്.

രാവിലെ 11 മണിക്ക് മംഗലാപുരത്ത് നിന്ന് യാത്രയാരംഭിച്ച ആംബുലന്‍സ് അഞ്ചര മണിക്കൂര്‍ കൊണ്ടാണ് കൊച്ചിയിലെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ആംബുലന്‍സിന് വഴിയൊരുക്കാന്‍ സന്ദേശം പരന്നതോടെ ഒറ്റക്കെട്ടായാണ് കേരളം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കൈകോര്‍ത്തത്.

കാസര്‍കോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് ഗുരുതരമായ ഹൃദ്‌രോഗത്തെ തുടര്‍ന്ന് മംഗലാപുരത്ത് നിന്ന് എറണാകുളത്തെത്തിച്ചത്. തിരുവനന്തപുരത്ത് എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനാല്‍ ആരോഗ്യമന്ത്രി ഇടപെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് സൗകര്യമൊരുക്കുകയായിരുന്നു.