തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. വിപിന്‍, മോനി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും മംഗലാപുരം സ്വദേശികളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പൊലീസ് പിടിയിലായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ പത്തംഗസംഘമാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പിടിയിലായവരില്‍ നാല് പേര്‍ നേരിട്ട് പങ്കുള്ളവരാണെന്നും നാല് പേരും സഹായം നല്‍കിയവരുമാണ്. രാഷ്ട്രീയവ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

മണിക്കുട്ടന്‍, ബിജിത്ത്, പ്രമോദ്, ഐബി, ഗിരീഷ് അജിത്ത് എന്നിവരുള്‍പെടെയുള്ളവരാണ് പൊലീസ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ കാട്ടാക്കട പുലിപ്പാറയില്‍ നിന്ന് പിടികൂടുകയായിരുന്നു.

നേരത്തെ, തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടേയും, ശ്രീകാര്യത്ത് ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തിന്റേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് അക്രമ സംഭവങ്ങളില്‍ രാഷ്ട്രീയ ഭേദമന്യേ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി.