മോസ്‌കോ: കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ റെഡ്ഡീസിന് സ്പുട്‌നിക് വാക്‌സിന്‍ കൈമാറുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.വാക്‌സിന്‍ പരീക്ഷണവും വിതരണവും ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുമതിക്ക് വിധേയമായി ആയിരിക്കുമെന്നും റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി.

നിലവില്‍ വാക്‌സിന്‍ വിതരണത്തില്‍ കസാഖിസ്ഥാന്‍, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി വാക്‌സിന്‍ നിര്‍മ്മാണ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്്. 30 കോടി ഡോസ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ഇന്ത്യയുമായി ധാരണയില്‍ എത്തിയിരിക്കുന്നത്. ലോകത്ത് ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ച് വിതരണം ആരംഭിച്ച രാജ്യമാണ് റഷ്യ.