ഉന്നാവോ (യുപി): ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് കളിക്കാനൊരുങ്ങി ബിജെപി എം.പി സാക്ഷി മഹാരാജ്. രാജ്യത്ത് ജനസംഖ്യ വളരുന്നത് ഹിന്ദുക്കള്‍ മൂലമല്ലെന്നും നാല് ഭാര്യമാരും നാല്‍പത് കുട്ടികളുമുള്ളവരെ കൊണ്ടാണെന്നും ഉന്നാവോ എംപി പറഞ്ഞു.

‘ദിവസം തോറും ജനസംഖ്യ വളരുകയാണ്. സ്ത്രീയൊരു യന്ത്രമല്ല, നാലു ഭാര്യമാരും 40 കുട്ടികളും മൂന്ന് വിവാഹ മോചനവുമെന്നത് അംഗീകരിക്കാനാവില്ല’ – സാക്ഷി പറഞ്ഞു. ഞാനും എന്റെ നാലു സഹോദരങ്ങളും അവിവാഹിതരും കുട്ടികളില്ലാത്തവരുമായതില്‍ തങ്ങള്‍ക്ക് ഗവര്‍മെന്റ് അവാര്‍ഡ് നല്‍കണമെന്നും സാക്ഷി മഹാരാജ് തുടര്‍ന്നു.മീററ്റില്‍ ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ബിജെപി എംപി വിവാദ പ്രസ്താവന നടത്തിയത്.

മുത്തലാഖ് നിര്‍ത്തലാക്കാന്‍ സമയമായെന്നും എത്രയും വേഗത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിലൂടെ പെരുമാറ്റചട്ടം നിലവില്‍വന്ന ദിവസങ്ങള്‍ക്കുള്ളിലാണ്, ഉത്തര്‍പ്രദേശില്‍ സാക്ഷി മഹാരാജിന്റെ പ്രസ്താവന.
എന്നാല്‍, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സാക്ഷി മഹാരാജ് രംഗത്തെത്തി. താന്‍ ഒരു വിഭാഗത്തെയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ഏകീകൃത സിവില്‍ നിയമം വേണമെന്നാണ് താന്‍ പറഞ്ഞതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

എംപിയുടെ പ്രസ്താവനയെ വിമര്‍ശിച്ച കോണ്‍ഗ്രസ്, മോദി സരര്‍ക്കാറിന്റെ പരാജയത്തില്‍നിന്നും പാളിച്ചകളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനുള്ള വര്‍ഗീയ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു.അതേസമയം, മുസ്ലിംകള്‍ക്കെതിരായ വിദ്വേശ പരാമര്‍ശത്തിന്റെ പേരില്‍ സാക്ഷി മഹാരാജിനെതിരെ എഫ്.ഐ.ആര്‍ ചുമത്തിയിട്ടുണ്ട്.