ഡല്‍ഹി: അഭിനയരംഗത്തേക്ക് ചുവടുവച്ച് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. വെബ് സീരീസിലൂടെയാണ് താരം അഭിനയലോകത്തേയ്ക്ക് കടക്കുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി നിര്‍മിക്കുന്ന ‘എംടിവി നിഷേധേ എലോണ്‍ ടുഗെദര്‍’ എന്ന വെബ്‌സീരീസിലാണ് താരം അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

‘നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ക്ഷയം. രോഗനിര്‍ണയം നടത്തിയ കേസുകളില്‍ പകുതിയോളം പേര്‍ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടത് അത്യാവശ്യമാണ്.’ സാനിയ പറഞ്ഞു.

അഞ്ച് എപ്പിസോഡുകള്‍ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്‌സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.