ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം പിടിച്ചു. ട്വന്റി 20 പരമ്പരക്കുള്ള ടീമില്‍ മാത്രം ഇടമുണ്ടായിരുന്ന സഞ്ജുവിനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തുകയായിരുന്നു. രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലുള്ള രോഹിതിനെ ഏകദിന ട്വന്റി 20 ടീമുകളില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു.

ജനുവരിയില്‍ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍നിന്ന് ക്യാപ്റ്റന്‍ വിരാട് കോലിയെ ഒഴിവാക്കി. അഡ്ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സിലക്ഷന്‍ കമ്മിറ്റിയെ അറിയിച്ച സാഹചര്യത്തിലാണിത്.

ഐപിഎലിനിടെ പരുക്കേറ്റ തമിഴ്‌നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ട്വന്റി20 ടീമില്‍നിന്ന് ഒഴിവാക്കി. ടീമിനൊപ്പം പ്രത്യേകം ചേര്‍ത്തിരുന്ന തമിഴ്‌നാട്ടില്‍നിന്നു തന്നെയുള്ള പേസ് ബോളര്‍ ടി. നടരാജനെ പകരം ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തി.