ഷാര്‍ജ: ഐപിഎല്ലിന്റെ ആദ്യ രണ്ടു മത്സരങ്ങളില്‍ തകര്‍ത്തടിച്ച മലയാളി താരം സഞ്ജു സാംസണ്‍ മോശം ഫോം തുടരുന്നു. ബംഗളൂരുവിന് എതിരെയുള്ള മത്സരത്തില്‍ ആറു പന്തില്‍ ഒമ്പത് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് മുമ്പിലാണ് സഞ്ജു കീഴടങ്ങിയത്.

എട്ടാം ഓവര്‍ എറിയാന്‍ എത്തിയ ചഹലിനെ സിക്‌സറുമായാണ് സഞ്ജു വരവേറ്റത്. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ ലോങ് ഓഫില്‍ ക്രിസ് മോറിസിന്റെ കൈയിലൊതുങ്ങി സഞ്ജുവിന്റെ ഇന്നിങ്‌സ്. ഇതിന് തൊട്ടുമുമ്പുള്ള പന്തില്‍ ഫോമിലുള്ള ഉത്തപ്പയെയും ചഹല്‍ മടക്കിയിരുന്നു. 22 പന്തില്‍ നിന്ന് 41 റണ്‍സാണ് ഉത്തപ്പ സ്വന്തമാക്കിയത്.

ചഹലിനെതിരെ ഒരിക്കല്‍ക്കൂടി സഞ്ജു പരാജയപ്പെടുന്ന കാഴ്ചയാണ് സ്റ്റേഡിയത്തില്‍ കണ്ടത്. ഇതുവരെ സഞ്ജു ചഹലിന്റെ 33 പന്തുകളാണ് നേരിട്ടത്. ഇതില്‍ 30 റണ്‍സെടുത്തു. എന്നാല്‍ അഞ്ചു തവണയാണ് ചഹല്‍ മലയാളി താരത്തെ പുറത്താക്കിയത്.

ആദ്യ രണ്ടു കളികളില്‍ 159 റണ്‍സ് (74,85) നേടിയ ശേഷമാണ് സഞ്ജു തുടര്‍ച്ചയായി പരാജയപ്പെടുന്നത്. 2017 മുതലുള്ള ഐപിഎല്ലുകളിലും സമാന പരാജയം മലയാളി താരത്തിനുണ്ടായിരുന്നു. 2017ല്‍ ആദ്യ രണ്ടു കളികളില്‍ താരം നേടിയത് 114 റണ്‍സ്. പിന്നീടുള്ള 12 കളികളില്‍ 272 റണ്‍സും. 2018ല്‍ ആദ്യ മൂന്നു കളികളില്‍ നേടിയത് 178 റണ്‍സ്. ബാക്കിയുള്ള പന്ത്രണ്ട് കളികളില്‍ ആകെ നേരിയത് 263 റണ്‍സ്. 2019ല്‍ ആദ്യ രണ്ടു കളികളില്‍ 132 റണ്‍സ്. പിന്നീടുള്ള പത്തു കളികളില്‍ 210.