Connect with us

Video Stories

തള്ള്.. തള്ള്.. തള്ള്.. കന്നാസ് വണ്ടി

Published

on

ശാരി പി.വി
രാജ്യത്ത് ഇപ്പോള്‍ തള്ളുകളുടെ കാലമാണ്. മോദിക്കു വേണ്ടി സംഘികളുടെ തള്ള്. വേദനിക്കുന്ന കോടീശ്വരന്‍മാരുടെ കടം എഴുതിത്തള്ളുന്ന ബാങ്കുകളുടെ തള്ള്. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാന്‍ സഹകരണ ബാങ്കുകളെ ഓടയിലേക്കു തള്ളുന്ന കേരളത്തിലെ താമരക്കാരുടെ തള്ള്. മാധ്യമ പ്രവര്‍ത്തകരെന്ന പേരില്‍ കാവിയില്‍ പൊതിഞ്ഞ മഹാന്‍മാരുടെ രാജ്യസ്‌നേഹമെന്ന പേരിലുള്ള വ്യാജ തള്ള്. അങ്ങനങ്ങനെ എവിടെ നോക്കിയാലും തള്ളോടു തള്ളു തന്നെ.

ഇതില്‍ ആദ്യത്തെ തള്ളുകാരാണ് തള്ളലിന്റെ കാര്യത്തില്‍ ബിരുദാനന്തര ബിരുദമെടുത്തവര്‍. മൊഴിമാറ്റത്തിന് പണ്ടേ പേരു കേട്ട ഉള്ളിസുരുവിന്റെ അണികളായതിനാലാവാം അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്നാണ് മറുപടി ലഭിക്കാറുള്ളത്. ഇക്കൂട്ടത്തില്‍ വന്ന ഏറ്റവും ഘോര തള്ളായിരുന്നു അഞ്ഞൂറും ആയിരവും കടലാസാക്കിയ നേതാവിനു വേണ്ടി നടത്തിയത്. നോട്ട് നിരോധനത്തില്‍ ലോക മാധ്യമങ്ങള്‍ ടിയാനെ വാഴ്ത്തുകയാണെന്നാണ് തള്ളല്‍ വിദഗ്ധര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുകഴ്ത്തുകയാണെന്ന് സോഷ്യല്‍ മീഡിയ വഴിയാണ് സംഘികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

രാജ്യത്തെ ഏതാനും ചില മാധ്യമങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതെന്ന് വിശദീകരിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിലൂടെ മോദി ആരാധകര്‍ വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഫോര്‍വേഡഡ് മെസേജുകളിലൂടെ വാട്‌സ്ആപ്പാണ് പ്രചരണത്തിന്റെ പ്രധാന ആയുധം. മോദിയുടെ ധീര നിലപാടിനെ വിദേശ മാധ്യമങ്ങള്‍ വാഴ്ത്തുമ്പോള്‍ ദേശീയ മാധ്യമങ്ങളടക്കം ഇവിടുത്തെ മാധ്യമങ്ങള്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നുവെന്നാണ് ഇവരുടെ ദീന രോധനം. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്താണെന്ന് ഈ മൊഴിമാറ്റ ടീംസിന് നന്നായി മനസിലായെന്നു വ്യക്തം.
അഞ്ജനമെന്നതെനിക്കറിയാം അത് മഞ്ഞള് പോലെ വെളുത്തിരിക്കുമെന്നാണ് സംഘി മൊഴിമാറ്റ സിദ്ധാന്തം. ഈ റിപ്പോര്‍ട്ടുകളിലൂടെ വെറുതെ കണ്ണോടിച്ചാല്‍ ആനേ വാലേ കി സംഭാവന…ഹൈ, ഹൂം…ഹാ എന്നു പറയുന്നവരൊഴികെയുള്ളവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാം. പ്രധാന അന്താരാഷ്ട്ര മാധ്യമമായ ദ ന്യൂ യോര്‍ക്ക് ടൈംസ് പറഞ്ഞത് ഇങ്ങനെ.

ഇന്ത്യയിലെ ദശലക്ഷങ്ങള്‍ നോട്ട് മാറ്റാനായി ബാങ്കുകള്‍ക്ക് മുന്നിലെത്തിയതോടെ ഉടലെടുത്ത അരക്ഷിതാവസ്ഥ എന്നതായിരുന്നു ദ ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ട്. ബാങ്കുകള്‍ക്ക് മുന്നിലെ നീണ്ട നിരയും പരിഭ്രാന്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കിയുള്ള ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം ജനങ്ങളില്‍ രോഷം ഉയര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കൃത്യമായ മുന്നൊരുക്കമില്ലാതെയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണവും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കുകള്‍ക്ക് മുന്നില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചതും ഡല്‍ഹിയിലെ ഉള്‍മേഖലകളിലുണ്ടായ തിക്കിലും തിരക്കിലുമുള്ള അപകടവും റിപ്പോര്‍ട്ടിലുണ്ട്.

മറ്റൊരു പ്രധാനമാധ്യമമായ ബിബിസി ഇന്ത്യയിലെ നോട്ട് നിരോധനം പാവപ്പെട്ടവരെ മുറിപ്പെടുത്തുന്നത് എങ്ങനെ എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയത്. കള്ളപ്പണം ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനും ദുസ്വപ്‌നമായി മാറിയിരിക്കുന്നു. പരിഭ്രാന്തരായ ജനക്കൂട്ടം ദിവസങ്ങളായി ബാങ്കിനും എടിഎമ്മിനും മുന്നില്‍ പണത്തിനായി കാത്തുനില്‍ക്കുന്നു. നിരയ്ക്ക് നീളം കൂടുന്തോറും രോഷവും വര്‍ധിക്കുന്നു.
സര്‍ക്കാരിന്റെ ഉറക്കെയുള്ള വാഗ്ദാനങ്ങള്‍ക്ക് ശേഷവും ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായം ഉദ്ധരിച്ച് ‘മോശം സാമ്പത്തിക ശാസ്ത്രമെ’ന്നാണ് നോട്ട് പിന്‍വലിക്കലിനെ ബിബിസി വിശേഷിപ്പിച്ചത്.അഴിമതിക്കാരായ പണക്കാര്‍ എന്തു കൊണ്ട് അഴിമതിക്കെതിരായ ‘മോദിയുടെ സര്‍ജിക്കല്‍ സ്‌െ്രെടക്കിനെ’ സ്വാഗതം ചെയ്യുന്നു എന്ന തലക്കെട്ടിലാണ് ദ ഗാര്‍ഡിയന്റെ നോട്ട് നിരോധനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയത്. അഴിമതി അവസാനിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദിക്ക് കാലാവധിയുടെ പാതി നാളുകള്‍ പിന്നിട്ടിട്ടും വലുതായി ഒരു നേട്ടവും ഉണ്ടാക്കാനായില്ല. സ്വിസ് ബാങ്കിലെ കള്ളപ്പണവും രാഷ്ട്രീയ പാര്‍ട്ടികളിലെ ഫണ്ടിങ് സുതാര്യമാക്കുമെന്ന് പറഞ്ഞതടക്കമുള്ള വാഗ്ദാനങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല.
വമ്പന്‍ വാഗ്ദാനങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ജനങ്ങള്‍ മുറുമുറുത്ത് തുടങ്ങി. പുകപടര്‍ത്തുന്ന നടപടികളില്‍ വിദഗ്ധനായ മോദി അതു കൊണ്ട് കഴിഞ്ഞയാഴ്ച ഒരു കാര്യം ചെയ്തു, എന്നാണ് ദ ഗാര്‍ഡിയന്‍ നോട്ട് നിരോധനത്തിന് നല്‍കുന്ന ആമുഖം. തീര്‍ന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സഖ്യകക്ഷികള്‍ക്കും നോട്ട് അസാധുവാക്കലില്‍ ജനങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതായി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ മരിച്ചെന്നും സ്ഥിതി സാധാരണ നിലയിലെത്താന്‍ മാസങ്ങളെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടെന്നുമാണ് ഹഫിങ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്ത. ജനങ്ങളുടെ ദുരിതവും മാധ്യമം വിവരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ നീക്കത്തില്‍ രോഷമുയരുന്നു. എടിഎമ്മുകളില്‍ പണമെത്താത്ത അരക്ഷിതാവസ്ഥ. ഞെട്ടിപ്പിക്കുന്ന നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ വലഞ്ഞ് ജനങ്ങള്‍. നീണ്ട നിരകളില്‍ പരിഭ്രാന്തരായി ജനങ്ങള്‍ പണത്തിനായി കാത്തു നില്‍ക്കുമ്പോള്‍ എടിഎമ്മുകള്‍ അടഞ്ഞു കിടക്കുന്നുവെന്ന് അല്‍ജസീറയും റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ‘കള്ളപ്പണം തടയല്‍ നീക്കത്തിനിടയില്‍’ നീണ്ട നിരകളിലെ പരിഭ്രാന്തിയും രോഷവും പിടിവലിയും. നോട്ട് മാറാന്‍ ലക്ഷങ്ങള്‍ ബാങ്കിന് മുന്നിലെത്തിയതോടെ ഇന്ത്യ പിടയുന്നു. സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്നവരെ അമേരിക്കയില്‍ ട്രംപിനെ പിന്തുണച്ച വോട്ടര്‍മാരുടേയും യു.കെയില്‍ ബ്രെക്‌സിറ്റിനെ പിന്തുണച്ചവരുടേയും അതേ നിലപാടാണ് പ്രകടിപ്പിക്കുന്നതെന്നും വാഷിഗ്ടണ്‍ പോസ്റ്റ് നിരീക്ഷിക്കുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ നോട്ടുമാറാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ തിങ്ങിനിറയുന്നു എന്നതിലേക്കാണ് ഇന്‍ഡിപ്പെന്‍ഡന്റിന്റെ റിപ്പോര്‍ട്ടും. 56 ഇഞ്ചിന്റെ നെഞ്ചളവ് മോദി ഉയര്‍ത്തിക്കാട്ടുന്നുണ്ടല്ലോ, എങ്ങനെയുള്ള മകനാണ് അമ്മയ്ക്ക് ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകാന്‍ അവസ്ഥയുണ്ടാക്കുക?’

പ്രധാനമന്ത്രിയുടെ 96 വയസുള്ള അമ്മ നോട്ടുമാറാന്‍ ബാങ്കിലെ ക്യൂവില്‍ നിന്നു. നല്ല മക്കളാരും 96 വയസായ അമ്മയ്ക്ക് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും എന്നിട്ടാണ് 56 ഇഞ്ചിന്റെ വിരിവ് പറയുന്നതെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് കപില്‍ സിബലിന്റെ വാക്കുകളില്‍ ഊന്നിയാണ് ഡെയ്‌ലിമെയ്ല്‍ വാര്‍ത്ത നല്‍കിയത്.

ഇതാണ് സംഘികള്‍ മൊഴിമാറ്റി മോദിയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുകഴ്ത്തിയെന്നു ഗീര്‍വാണം പറയുന്നത്. ഇനി രണ്ടാമത്തെ തള്ളല്‍ ഇന്ത്യയിലെ വേദനിക്കുന്ന കോടീശ്വരന്‍മാര്‍ക്കു വേണ്ടിയുള്ളതായിരുന്നു. നാലും മൂന്നും ഏഴ് രൂപ ബാങ്കിലടക്കാനുള്ളവനൊക്കെ ബാങ്കിന്റെ മുമ്പില്‍ ചുരുട്ടിപ്പിടിച്ച പഴയ നോട്ടുകളുമായി പൊരി വെയിലില്‍ വേവുമ്പോഴാണ് ഈ തള്ളല്‍ പുറത്തു വന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വമ്പന്‍ വ്യവസായികളുടെ വായ്പ എഴുതിത്തള്ളി. വായ്പ തിരിച്ചടക്കുന്നതില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തിയ മദ്യരാജാവ് വിജയ് മല്യയുടെ കിങ് ഫിഷര്‍ അടക്കമുള്ളവയുടെ 7016 കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളിയത്.

വായ്പ അടക്കുന്നതില്‍ മന:പൂര്‍വ്വം വീഴ്ച്ച വരുത്തിയ ആദ്യ 100 പേരില്‍ 63 പേരുടെ കിട്ടാക്കടം പൂര്‍ണമായും 31 പേരുടെ ഭാഗികമായും എഴുതി തള്ളി. ഇനി മൂന്നാമത്തെ തള്ള് കേരളത്തില്‍ നിന്നും രാജശേഖരനും സംഘവും നടത്തുന്ന തള്ളാണ്. ഇവിടിപ്പോ അങ്ങനെയാരും സഹകരിക്കേണ്ടെന്നാണ് ടിയാന്‍ പറയുന്നത്. ഒരു നേരത്തെ അന്നത്തിന് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവന്റെ സമ്പാദ്യങ്ങള്‍ അവന് അപ്രാപ്യമാക്കി രാജ്യം നെട്ടോട്ടമോടുമ്പോള്‍ തൊടുന്യായം പറഞ്ഞ് ദന്തഗോപുരങ്ങളിലിരുന്ന് വീണ വായിക്കാനാവുമെന്നത് ചരിത്രത്തിന്റെ രീതി തന്നെയാണ്.

സ്വന്തം കാലില്‍ കേരളക്കര സഹകരണ പ്രസ്ഥാനം വഴി നില്‍ക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പണ്ടേ സോമാലിയയെന്നു പറഞ്ഞ് അധിക്ഷേപിച്ച നാടിന്റെ നട്ടെല്ലൊടിക്കാന്‍ ആസൂത്രിത പദ്ധതി നടക്കുന്നത്. ആദ്യം പറഞ്ഞു ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ആരും കേട്ടില്ല. ദാ ഇപ്പോ പണി കിട്ടി. പിന്നെ ആധാര്‍ എടുക്കാന്‍ പറഞ്ഞു അതിനും മെനക്കെട്ടില്ല, പണി കിട്ടി. ദാണ്ടേ ഇപ്പോ പറയുന്നു പൈസ അക്കൗണ്ടിലിടാന്‍ ്അത് ഒരു ഒന്ന് ഒന്നര പണിയായിപ്പോയി. ഇനിയിപ്പോ ശൗച്യാലയം പണിയാന്‍ നാഴികക്ക് നാല്‍പത് വട്ടം പറയുന്നുണ്ട്. ഏതൊ മുട്ടന്‍ പണി ഇതു വഴിയും വരുമോ ആവോ? ഇനിയെങ്ങാനും രണ്ടിന് പോകല്‍ ആഴ്ചയില്‍ ഒരു തവണ മാത്രമാക്കി മാറ്റിയാലോ. ഇനിയിപ്പോ അച്ചാ ദിന്‍ വന്നോ, ഗോ മാതായെ കണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ല. എല്ലാത്തിനും ഉത്തരമായിരിക്കുന്നു. അച്ഛാ ദിന്‍ എന്നാല്‍ ഒരു ദിവസം അച്ഛന്‍മാര്‍ക്ക് പണം മാറാന്‍ ക്യൂ നില്‍ക്കേണ്ട ദിനമാണെന്നു മാത്രം. പല രാജ്യങ്ങളും പയറ്റി ദയനീയമായി പരാജയപ്പെട്ട തന്ത്രമാണ് നോട്ട് നിരോധനമെന്നത്. ഭരണപരമായ നേട്ടങ്ങള്‍ അവതരിപ്പിക്കാനാവാതെ വരുമ്പോള്‍ പ്രയോഗിക്കുന്ന ഗുളികന്‍ വിദ്യ. പലരും ഇതിനു മുമ്പും ഇതില്‍ വീണവരാണ്. 1991ല്‍ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയന്‍ 50ന്റേയും, 100ന്റേയും റൂബിള്‍ നോട്ടുകള്‍ പിന്‍വലിച്ചു. കള്ളപ്പണം ഇല്ലാതാക്കുകയും കറന്‍സിയുടെ മൂല്യം ഉയര്‍ത്തുകയുമായിരുന്നു ലക്ഷ്യം. രാജ്യത്തെ കറന്‍സിയുടെ മൂന്നിലൊന്ന് ശതമാനവുമുള്ള നോട്ടുകളുടെ പിന്‍വലിക്കല്‍ വലിയ പ്രതിസന്ധിക്ക് കാരണമായി. മാസങ്ങള്‍ക്ക് ശേഷം ഗോര്‍ബച്ചേവ് ഭരണം അട്ടിമറിക്കപ്പെട്ടു. അധികാരം നഷ്ടമായെന്ന് മാത്രമല്ല സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്കും ഇത് നയിച്ചു. ഇത് സോവിയറ്റ് ചരിത്രം. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയാണ് ഈ തന്ത്രത്തില്‍ വീണ മറ്റൊരു രാജ്യം. 1984ല്‍ മുഹമ്മദ് ബുഹാരി സര്‍ക്കാറിന്റെ കാലത്ത് പഴയ നോട്ടുകള്‍ നിരോധിക്കുകയും പുതിയ കറന്‍സി പുറത്തിറക്കുകയും ചെയ്തു. കടബാധ്യതയില്‍ ഉഴറുന്ന രാജ്യത്തിന് ഈ മാറ്റം കൈക്കൊള്ളാനായില്ല.

ഫലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞു. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ ഘാനയും മോദിയുടെ തന്ത്രം മുമ്പെ പയറ്റിയതാണ്. നികുതിവെട്ടിപ്പ് തടയാനായി 1982ല്‍ ഘാന 50 സെഡിസ് നോട്ടുകള്‍ പിന്‍വലിച്ചു. ഇതോടെ ജനങ്ങള്‍ കരിഞ്ചന്ത ഇടപാടുകള്‍ വ്യാപകമാക്കുകയും വസ്തുവകകളാക്കി പണം നിക്ഷേപിക്കുകയും ചെയ്തു. ഘാനയുടെ സമ്പത്ത് വ്യവസ്ഥ ഇതോടെ ദുര്‍ബലമായി. എല്ലാ ഏകാധിപതികളുടേയും ഇഷ്ടരാജ്യമായ ഉത്തര കൊറിയയും ഇതില്‍ വെട്ടിലായ രാജ്യമാണ്. 2010ലെ ഉത്തര കൊറിയയിലെ നാണയ മൂല്യം ഇല്ലാതാക്കല്‍ ജനങ്ങള്‍ക്ക് ഭക്ഷണവും അഭയസ്ഥാനവും പോലും ഇല്ലാതാക്കി. കിങ് ജോങ് രണ്ടാമന്റെ പരിഷ്‌കാരം പഴയ നോട്ടുകളിലെ രണ്ട് പൂജ്യത്തിന്റെ മൂല്യം ഇല്ലാതാക്കുകയായിരുന്നു. കള്ളപ്പണം തടയുകയായിരുന്നു ലക്ഷ്യം. ഒടുവില്‍ ഉള്ളപണവും സ്വാഹ. വികസിത രാജ്യമായ ഓസ്‌ട്രേലിയയും ഇതില്‍ വീണവരാണ്.
കള്ളനോട്ടുകളുടെ നിര്‍മ്മാണം ഇല്ലാതാക്കാന്‍ പോളിമര്‍(പ്ലാസ്റ്റിക്) നോട്ടുകളിലേക്ക് ചുവടുമാറ്റിയ ആദ്യ രാഷ്ട്രമാണ് ഓസ്‌ട്രേലിയ. നോട്ടുകള്‍ അസാധുവാക്കിയെങ്കിലും പേപ്പര്‍ നോട്ടുകളില്‍ നിന്ന് പ്ലാസ്റ്റിക നോട്ടുകളിലേക്കുള്ള മാറ്റം എന്നതില്‍ ഉപരി വിനിമയത്തിലോ മൂല്യത്തിലോ മാറ്റം വരാത്തതിനാല്‍ സമ്പത്ത് വ്യവസ്ഥയെ മാറ്റം അലട്ടിയില്ല. 1987ല്‍ മ്യാന്‍മാറിലെ സൈന്യം 80% വരുന്ന പണത്തിന്റെ മൂല്യം ഇല്ലാതാക്കി. കരിഞ്ചന്ത ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. തീരുമാനം സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കി. ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. ഇതിന്റെ ഫലമായി നിരവധി പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഇത് ചരിത്രം നല്‍കുന്ന പാഠമാണ്. ചരിത്രത്തെ വെല്ലുവിളിച്ച ധിക്കാരികള്‍ക്കൊക്കെ വന്‍ പതനവും ചരിത്രം നല്‍കിയിട്ടുണ്ട്.

ലാസ്റ്റ് ലീഫ്:
വണ്‍…ടു…ത്രീ മന്ത്രിമാര്‍ക്ക് മാറ്റം. ജയരാജന് പകരം എം.എം മണി മന്ത്രിസഭയിലേക്ക്. ഹാവൂ സമാധാനമായി കറന്റിനു മണി മുഴങ്ങിയാലും ഹാസ്യ കല അന്യം നിന്നു പോകില്ലല്ലോ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

എയിംസില്‍ സൈബര്‍ അക്രമണം- പിന്നില്‍ ചൈനയെന്ന് സൂചന

Published

on

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) സൈബര്‍ ആക്രമണം. ലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കര്‍മാര്‍ നടത്തിയതായാണ് സൂചന. അഞ്ച് പ്രധാന സെര്‍വറുകളെ ലക്ഷ്യം വെച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

മോഷ്ടിച്ച ഡാറ്റകള്‍ ഇന്റര്‍നെറ്റിന്റെ ഡാര്‍ക്ക് വെബില്‍ വിറ്റതാകാനാണ് സാധ്യതയെന്ന് വിവരം. മോഷ്ടിച്ച എയിംസ് ഡാറ്റയ്ക്കായി ഡാര്‍ക്ക് വെബില്‍ 1,600ലധികം സെര്‍ച്ചിംഗ് ഓപ്ഷനുകള്‍ കാണിച്ചു. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ള വിവിഐപികളുടെ വിവരങ്ങളാണ് മോഷ്ടിച്ച വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പണം തട്ടിയെടുക്കലായിരുന്നു ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം. ഹാക്കര്‍മാര്‍ 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായയും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Video Stories

ലോകകപ്പ് തോൽവിയ്ക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ് ബെല്‍ജിയം പരിശീലകനും

ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്‍റിന് മുമ്ബ് തന്നെ തീരുമാനിച്ചിരുന്നു

Published

on

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറ പുറത്തായതിന് പിന്നാലെ സ്ഥാനമൊഴിയുന്നതായി അറിയിച്ച്‌ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്.

‘എന്‍റെ അവസ്ഥ വളരെ വ്യക്തമാണ്. പരിശീലക സ്ഥാനത്ത് എന്‍റെ അവസാനമാണിത്. ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്‍റിന് മുമ്ബ് തന്നെ തീരുമാനിച്ചിരുന്നു. ദീര്‍ഘകാലം ടീമിനെ പരിശീലിപ്പിച്ച്‌ വരികയായിരുന്നു. ഞാന്‍ രാജിവച്ച്‌ ഒഴിയുന്നില്ല. അങ്ങനെ എന്‍റെ റോള്‍ അവസാനിക്കുകയാണ്’ എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഖത്തറിലെ പുറത്താകലിന് പിന്നാലെ സ്ഥാനമൊഴിയുകയാണെന്ന് മാര്‍ട്ടിനസ് വ്യക്തമാക്കിയതായി ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയോട് 0-0ന് സമനില വഴങ്ങിയതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണാണ് ബെല്‍ജിയത്തിന്‍റെ ഗോള്‍ഡന്‍ ജനറേഷന്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്. ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോ ഗ്രൂപ്പ് ചാമ്ബ്യന്‍മാരായും ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറിലെത്തി.

Continue Reading

Video Stories

പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്

മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര്‍ മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.

Published

on

തുടര്‍ച്ചയായ രണ്ടാം വട്ടവും കരുത്തരായ ജര്‍മനി ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരിക്കുന്നു.2014ല്‍ കിരീടം നേടിയതിനു ശേഷം ഇതുവരെ അവര്‍ക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടുവാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മനി അവസാന മത്സരത്തില്‍ കോസ്റ്ററിക്കയെ തകര്‍ത്തുവിട്ടത്. ചെല്‍സി താരം കായ് ഹാവര്‍ട്‌സ് മത്സരത്തില്‍ ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി.പത്താം മിനിറ്റില്‍ തന്നെ ജര്‍മനി മുന്നിലെത്തുകയുണ്ടായി. റൗമിന്റെ പാസില്‍ നിന്നും ഗ്‌നാബ്രിയാണ് ലക്ഷ്യം കണ്ടത്. ശേഷം പുരോഗമിച്ച മത്സരത്തില്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ ഒന്നുംതന്നെ പിറന്നില്ല.

തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ച് അമ്പത്തിയെട്ടാം മിനിറ്റില്‍ തന്നെ കോസ്റ്റാറിക്ക ഗോള്‍ മടക്കി. യെല്‍റ്റ്‌സിന്‍ റ്റെജഡയായിരുന്നു അവരെ ഒപ്പമെത്തിച്ചത്. പിന്നീട് നിരന്തരം ലീഡ് നേടുവാനുള്ള ജര്‍മനിയുടെ ശ്രമങ്ങള്‍ ആണ് കാണുവാന്‍ കഴിഞ്ഞത്. എന്നാല്‍ എഴുപതാം മിനിറ്റില്‍ ന്യൂയറിന്റെ സെല്‍ഫ് ഗോളില്‍ കോസ്റ്റാറിക്ക ലീഡ് നേടി. വീണ്ടുമൊരു അട്ടിമറി ജര്‍മനി മണുക്കുന്നുവെന്ന് തോന്നിയ നിമിഷം. എന്നാല്‍ വെറും 3 മിനിട്ടിന്റെ ഇടവേളയില്‍ സബ് ആയി കളത്തിലിറങ്ങിയ ഹാവര്‍ട്‌സിലൂടെ ജര്‍മനി ഗോള്‍ മടക്കി.

തുടര്‍ന്ന് വിജയഗോളിനായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഹാവര്‍ട്‌സ് ടീമിന്റെ മൂന്നാം ഗോളും തന്റെ ഇരട്ടഗോളും പൂര്‍ത്തിയാക്കി. ഗ്‌നാബ്രിയായിരുന്നു ഗോളില്‍ പങ്കാളിയായത്. 4 മിനിറ്റിന് ശേഷം ഫുള്‍ക്രഗ് കൂടി സ്‌കോര്‍ ചെയ്തതോടെ ജര്‍മന്‍ പട്ടിക പൂര്‍ത്തിയായി. സനെയാണ് ഗോളിന് വഴിയിരുക്കിയത്.

ഒടുവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മന്‍ പട വിജയം സ്വന്തമാക്കുകയായിരുന്നു. മികച്ചൊരു വിജയം നേടിയിട്ടും നോക്കൗട്ടിലേക്ക് പ്രവേശിക്കുവാന്‍ കഴിയാതിരുന്നത് അവര്‍ക്ക് വലിയ തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഏറ്റ പരാജയമാണ് ഈയൊരു വിധി എഴുതിയത്.മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര്‍ മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.

 

Continue Reading

Trending