തിരുവനന്തപുരം: ആനക്കായി കുഴിച്ച കുഴിയില്‍ ആദ്യം ആന വീണു. ആനയെ കരക്ക് കയറ്റി വിശ്രമിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് വേട്ടക്കാരനും കുഴിയില്‍ വീണ അവസ്ഥയാണ് തോമസ് ചാണ്ടിയുടേത്. എ.കെ ശശീന്ദ്രനായി കുഴിച്ച കുഴിയില്‍ ശശീന്ദ്രനെ തള്ളിയിട്ടു എന്നതാണ് സത്യം. പക്ഷേ കുഴി മൂടാന്‍ തോമസ് ചാണ്ടി മറന്നു പോയി. ഏഴു മാസവും 15 ദിവസവും കഴിഞ്ഞപ്പോള്‍ തോമസ് ചാണ്ടിയും അതേ കുഴിയില്‍വീണു. അതായത് ചാണ്ടി കുഴിച്ച കുഴിയില്‍ ചാണ്ടി വീണെന്ന് സാരം.
ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് അട്ടിമറിച്ചത് തോമസ് ചാണ്ടിയുടെ കരങ്ങളാണെന്ന് പരക്കെ ആക്ഷേപം ഉണ്ടായിരുന്നു. ഫോണ്‍വിവാദം ചാണ്ടി ചമച്ച കെണിയായിരുന്നെന്നും പറയപ്പെടുന്നു. എല്‍.ഡി.എഫ് മന്ത്രിസഭാ രൂപീകരണ വേളയില്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും തര്‍ക്കത്തിനൊടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എ.കെ ശശീന്ദ്രന് അനുകൂലമായിട്ടായിരുന്നു. രണ്ടരവര്‍ഷം വീതം ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന നിര്‍ദേശവും ഉണ്ടായെങ്കിലും അതും പിന്നീട് നേതൃത്വം തള്ളി. അന്നു തുടങ്ങിയതാണ് ചാണ്ടിയുടെ നിഗൂഢനീക്കങ്ങള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ തോമസ് ചാണ്ടി പ്രഖ്യാപിച്ചതാണ്, താന്‍ കുട്ടനാട്ടില്‍ വീണ്ടും മത്സരിക്കും, ജയിക്കും അടുത്ത മന്ത്രിസഭയില്‍ ജലസേചന മന്ത്രിയാകും എന്ന്. ഫോണിലൂടെ എത്തിയ കിളിനാദത്തില്‍ മനംമയങ്ങിയ ശശീന്ദ്രന്‍ നടത്തിയ ലൈംഗികശൃംഗാരം അദ്ദേഹത്തതിന് വിനയായി. ശശീന്ദ്രന് രാജിവെക്കേണ്ടി വന്നു.
എന്‍.സി.പിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചാണ്ടിയെ പരിഗണിച്ചു. അങ്ങനെ 2017 ഏപ്രില്‍ ഒന്നിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. പത്തുമാസം കൊണ്ട് ശശീന്ദ്രനെ താഴെയിറക്കിയ തോമസ് ചാണ്ടി ഒടുവില്‍ ആ സ്ഥാനത്തെത്തി. ജലസേചനമന്ത്രിയായില്ലെങ്കിലും ശശീന്ദ്രന്‍ കൈകാര്യം ചെയ്ത ഗതാഗതവകുപ്പ് ചാണ്ടിക്കും കിട്ടി. ഏഴര മാസം മാത്രം മന്ത്രിസ്ഥാനത്തിരുന്ന ചാണ്ടിയെ വീഴ്ത്തിയത് മറ്റൊരു കെണിയായിരുന്നു. മാര്‍ത്താണ്ഡം കായലിന്റെ രൂപത്തില്‍.