തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സംയുക്ത തൊഴിലാളി യൂണിയന്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പിരിച്ചുവിട്ട എംപാനലുകാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ജീവനക്കാര്‍ക്ക് അനുകൂലമായ നിലപാടല്ല മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ കുറ്റപ്പെടുത്തി.

ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്. പലപ്പോഴായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കാണാത്തതിനെത്തുടര്‍ന്നാണ് ട്രേഡ് യൂണിയനുകളുടെ ഈ നീക്കം. പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമിതിയാണ് സമരം സംഘടിപ്പിക്കുന്നത്.

അതേസമയം, കെ.എസ്.ആര്‍.ടിസി സമരത്തെ ഹെക്കോടതി വിമര്‍ശിച്ചു. ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. നിയമപരമായ പരിഹാരം ഉള്ളപ്പോള്‍ എന്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്ന് ഹൈക്കോടതി സമരക്കാരോട് ചോദിച്ചു.