തിരുവനന്തപുരം: ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് കുറ്റവിമുക്തനാക്കപ്പെട്ട എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന്‍ ഇന്ന് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുക്കും. അതേസമയം, ശശീന്ദ്രനെതിരെയുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് തൈക്കാട് സ്വദേശി മഹാലക്ഷ്മി നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഫോണ്‍ വിളി വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26നാണ് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രന്‍ രാജിവയ്ക്കുന്നത്.

ശശീന്ദ്രനെ മന്ത്രിയാക്കാന്‍ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന എന്‍.സി.പി ദേശീയ നേതൃയോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍സിപി നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുകയും ചെയ്തു. ഇതോടെയാണ് ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനമായത്.

ഫോണ്‍കെണി വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ശശീന്ദ്രന്‍ പത്തു മാസത്തിനു ശേഷമാണ് വീണ്ടും മന്ത്രിസ്ഥാനത്തെത്തുന്നത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയാറായതോടെയാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. എന്‍സിപിയില്‍ നിന്ന് മന്ത്രിസ്ഥാനത്തെത്തിയ തോമസ് ചാണ്ടിക്ക് ഭൂമികയ്യേറ്റ വിവാദത്തില്‍ രാജിവെക്കേണ്ടി വന്നിരുന്നു. പിന്നീട് എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടന്ന സാഹചര്യത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഉടന്‍ ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ എന്‍.സി.പി ശക്തമാക്കുകയായിരുന്നു.