വടകര: പൊതുജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്‍. അത്‌കൊണ്ട് തന്നെ നേരിയ പാളിച്ചകള്‍ ഉണ്ടാകുമ്പോള്‍ പോലും സമൂഹം ഉത്കണ്ഠയോടെ നോക്കികാണുന്ന അവസ്ഥയാണന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷന്‍ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ പോലീസ് തയാറാകണം. പോലീസ് സേന ജനങ്ങളുടെ സേവകരായി മാറണമെന്ന ഗവമെന്റിന്റെ കാഴ്ചപ്പാടിനോട് പൊരുത്തപ്പെടാത്ത വിധത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പ്രവര്‍ത്തനമുണ്ടോ എന്നു സംഘടന പരിശോധിക്കണം. തിരുത്തലുകളോട് മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ സമൂഹത്തെയും പോലീസ് സേനയെയും നവീകരിക്കാന്‍ കഴിയും. ഇതാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു അധ്യക്ഷത വഹിച്ചു. സി.കെ.നാണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡിജിപി മൂഹമ്മദ് യാസിന്‍, കണ്ണൂര്‍ ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജി ദിനേന്ദ്ര കശ്യപ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഷാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി.അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ്.ഷൈജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സ്ഥാനക്കയറ്റം ലഭിച്ച കമ്മിറ്റി അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ഇവര്‍ക്ക് മന്ത്രി ശശീന്ദ്രന്‍ ഉപഹാരം നല്‍കി.
മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ ഭാഗമായി ‘മാറുന്ന കേരളം, മാറേണ്ട പോലീസ്’ എ വിഷയത്തില്‍ വൈകുന്നേരം സെമിനാര്‍ നടന്നു. ശനിയാഴ്ച സാംസ്‌കാരികസമ്മേളനവും പോലീസ് കവി സമ്മേളനവും നടക്കും. പ്രതിനിധിസമ്മേളനം പതിമൂന്നാം തിയതി ഞായറാഴ്ച രാവിലെ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും. സന്തോഷ് ട്രോഫി വിജയത്തില്‍ മുഖ്യപങ്ക് വഹിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉപഹാരസമര്‍പ്പണം മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിക്കും. പൊതുസമ്മേളനം ഞായറാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.