ചെന്നൈ: പനീര്‍സെല്‍വത്തെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. പനീര്‍സെല്‍വം കള്ളനും നന്ദിയില്ലാത്തവനുമാണെന്ന് ശശികല പറഞ്ഞു. പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല.

മുഖ്യമന്ത്രി പദം വലിയ കാര്യമായി കാണുന്നില്ല. ജയലളിത മരിച്ചയുടന്‍ മുഖ്യമന്ത്രിയാകാന്‍ പനീര്‍സെല്‍വം തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ പന്നീര്‍സെല്‍വത്തോട് മുഖ്യമന്ത്രിയാകാനാണ് താന്‍ പറഞ്ഞത്. അന്ന് അമ്മക്കാണ് പരിഗണന നല്‍കിയത്. മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല അന്ന് താനെന്നും ശശികല പറഞ്ഞു.

പാര്‍ട്ടിയെ വിഭജിക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനുപിന്നില്‍ പനീര്‍സെല്‍വവും ഡി.എം.കെയുമാണ്. സര്‍ക്കാരുണ്ടാക്കാന്‍ ജീവന്‍ വെടിയാന്‍പോലും തയ്യാറാണ്. എം.ജി.ആറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ ജയലളിത അപമാനിക്കപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പം നിന്നത് താനാണെന്നും ശശികല പറഞ്ഞു.