റിയാദ്: തങ്ങള്‍ക്കെതിരെ ഉപരോധഭീഷണി മുഴക്കിയ അമേരിക്കക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്. സൗദിക്കെതിരായ ഏത് ഭീഷണിയേയും തള്ളിക്കളയുകയും അവഗണിക്കുകയും ചെയ്യുന്നതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. സാമ്പത്തിക ഉപരോധമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് സൗദി പ്രസ്താവനയില്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര സാമ്പത്തിക ശക്തിയുടെ ഭാഗമാണ് സൗദി എന്നതിനാല്‍ സൗദിയെ മാത്രമായല്ല ഇത്തരം നീക്കങ്ങള്‍ ബാധിക്കുക. സൗദി അറേബ്യക്ക് മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയിലും മുസ് ലിം രാഷ്ട്രങ്ങള്‍ക്കിടയിലും നേതൃപരമായ പദവിയാണുള്ളത്.

ലോക മുസ്‌ലിംകളുടെ പവിത്രഭൂമി ഉള്‍ക്കൊള്ളുന്ന രാജ്യമെന്ന നിലക്ക് മുസ്‌ലിം മനസ്സുകളിലും ആദരണീയമായ പദവിയാണ് സൗദിക്കുള്ളത്. ഈ പദവി നിലനില്‍ക്കെത്തന്നെയാണ് സൗഹൃദരാജ്യങ്ങളുമായും സഹോദര രാജ്യങ്ങളുമായും സൗദി അതിന്റെ ചരിത്രപരമായ ബന്ധം നിലനിര്‍ത്തുന്നത്. എന്നാല്‍, സൗദിയുടെ പദവിക്കും സ്ഥാനത്തിനും കോട്ടംതട്ടുന്ന നിലപാടുകള്‍ ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാവില്ലെന്നും സൗദി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.