ജെയ്പൂര്‍: സവര്‍ക്കറുടെ ജീവചരിത്രത്തിലെ ആര്‍.എസ്.എസ് അജണ്ട തിരുത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പാഠ്യപദ്ധതിയിലെ വീര്‍ സവര്‍ക്കറുടെ ജീവചരിത്രത്തില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വസുന്ധര രാജെ സര്‍ക്കാരാണ് ഹിന്ദുത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും ആര്‍ എസ് എസ് സൈദ്ധാന്തികനുമായിരുന്ന സവര്‍ക്കറെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആണിക്കല്ലായി ചിത്രീകരിക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ച് വേണ്ട പരിഗണന ബിജെപി സര്‍ക്കാര്‍ സിലബസില്‍ നല്‍കിയിരുന്നിമില്ല.

ചരിത്രത്തെ വളച്ചൊടിക്കുന്ന രീതിയില്‍ ബിജെപി ഭരണകാലത്ത് നടത്തിയ തെറ്റുകളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിത്തുന്നത്.
സിലബസ് പരിശോധനക്കായി ചുമതലപ്പെടുത്തിയ സമിതി സവര്‍ക്കറുടെ പാഠഭാഗത്ത് ചരിത്രത്തോട് നീതി പുലര്‍ത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
സവര്‍ക്കറെ ചിത്രീകരിച്ചിരിക്കുന്നത് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണ്. ഇത് വസുന്ധര രാജെയുടെ ആര്‍.എസ്.എസ് അജണ്ടയാണെന്നും അതാണ് തിരുത്തുന്നതെന്നും രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് ദൊത്താസര പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള പരീക്ഷണശാലയായിട്ടാണ് കണ്ടതെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി സവര്‍ക്കറുടെ ജീവചരിത്രത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ കീര്‍ത്തിയും സവര്‍ക്കര്‍ക്ക് നല്‍കി മറ്റു സ്വാതന്ത്ര്യസമര സേനാനികളെ തമസ്‌കരിക്കുകയായിരുന്നു മുന്‍ ബി.ജെ.പി സര്‍ക്കാര്‍. സവര്‍ക്കര്‍ ഇനിമുതുല്‍ വീര്‍ സവര്‍ക്കറായിരിക്കില്ല. ബ്രീട്ടീഷ് സര്‍ക്കാരിന് പലതവണ മാപ്പെഴുതി നല്‍കി രക്ഷപ്പെട്ടയാളാണ് സവര്‍ക്കര്‍. എന്നാല്‍ ജീവന്‍ നല്‍കി പോരാടിയ സമരഭടന്‍മാരെ സിലബസില്‍ നിന്ന് ഒഴിവാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.