Connect with us

Video Stories

ജ്ഞാന സമഗ്രതയിലൂടെ തലമുറയെ സ്വാധീനിച്ച പണ്ഡിതന്‍

Published

on

സമഗ്ര സ്വഭാവമുള്ള അപൂര്‍വം പണ്ഡിതരില്‍ ഒരാളായിരുന്നു ശൈഖ് അഹമ്മദ് കോയ ശാലിയാത്തി. അറബി ഭാഷയിലുള്ള രചനകള്‍ കൊണ്ടു ഏറെ പ്രശസ്തനായ ശാലിയാത്തി കേരളീയ വൈജ്ഞാനിക പാരമ്പര്യത്തിലെ അത്യുജ്ജ്വല താരകമായി പരിഗണിക്കപ്പെടുന്നു.
കോഴിക്കോട് കോയ മരക്കാരകത്ത് കുഞ്ഞാലിക്കുട്ടി മുസ്‌ല്യാരുടെയും ചാലിയം നേപ്പാളത്ത് കുട്ടിഹസന്‍ മുസ്‌ല്യാരുടെയും മകള്‍ ഫരീദയുടെയും മകനായി ഹി: 1302 ജ. ആഖിര്‍ 22ന് ചാലിയം പൂതാറമ്പത്ത് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവിന്റെ കീഴില്‍ തന്നെ പൂര്‍ത്തിയാക്കി. തിരൂരങ്ങാടി, മദ്രാസ്, വെല്ലൂര്‍ ലത്വീഫിയ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. കേരളത്തിലെ പരിധികള്‍ കടന്ന് മറ്റു നാടുകളിലും അദ്ദേഹത്തിന്റെ നൈസര്‍ഗികമായ വ്യക്തിത്വത്തിന്റെ മഹത്വമറിയാന്‍ ഇത് ഇടയാക്കി.
മത വിജ്ഞാനങ്ങളിലെ പാണ്ഡിത്യം ബോധ്യപ്പെട്ട ഹൈദരാബാദ് നൈസാം അവിടത്തെ ഔദ്യോഗിക മുഫ്തിയായി ശാലിയാത്തിയെ നിയമിച്ചു. ഹൈദരാബിലെ നിസാമിയ്യ കോളജിലും അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു. രാജ്യത്തെ തന്നെ പ്രധാന മതവൈജ്ഞാനിക കേന്ദ്രത്തിലെത്തിപ്പെട്ടത് അദ്ദേഹത്തെ മറ്റു നാടുകളുമായി ഇഴുകിച്ചേരാനും വിവിധ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടുത്തറിയാനും അവസരമൊരുക്കിക്കൊടുത്തു.
രസതന്ത്രം, ഗോള ശാസ്ത്രം എന്നിവയില്‍ ശാലിയാത്തി പ്രാവീണ്യം നേടിയിരുന്നു. ഗണിതത്തിലും മറ്റും ആവശ്യമായിരുന്ന വൈജ്ഞാനിക മേഖലകളിലൊക്കെ അദ്ദേഹം കൈവെച്ചു. യൂനാനി വൈദ്യശാസ്ത്രത്തിലും വൈദഗ്ധ്യം നേടിയിരുന്നു. ഒരു മതപണ്ഡിതന്റെ വൈജ്ഞാനിക വികാസത്തിന്റെ മഹത്തായ മാതൃകയാക്കി ഇത് അദ്ദേഹത്തെ മാറ്റി.
ഗ്രന്ഥ രചനയോടൊപ്പം അപൂര്‍വ ഗ്രന്ഥ ശേഖരണവും ശാലിയാത്തി നടത്തി. ചാലിയത്ത് സ്ഥാപിച്ച അസ്ഹരിയ്യ കുതുബ് ഖാന വിലപ്പെട്ട അറബി ഗ്രന്ഥങ്ങളുടെ കലവറയാണ്. ജീവിതകാലത്തും പിന്നീടും അനവധി ഗവേഷകര്‍ക്ക്് ഈ ലൈബ്രറി ആലംബമായി. സമൂഹത്തെ സ്വാധീനിച്ച വിവിധ ഫത്‌വകള്‍ക്കും വൈജ്ഞാനിക സംരംഭങ്ങള്‍ക്കും ഈ ലൈബ്രറിയില്‍ നിന്നു അവസരമൊരുങ്ങി. തന്റെ വൈജ്ഞാനിക മേഖല പില്‍ക്കാലക്കാര്‍ക്കായി കാത്തുവെക്കുന്നതില്‍ അദ്ദേഹം ലൈബ്രറിയിലൂടെ മാതൃകാപരമായി. ഓരോ വിഷയത്തിലുമുള്ള ആഴത്തിലുള്ള പഠനങ്ങള്‍ ഈ കുത്ബ്ഖാന ബോധ്യപ്പെടുത്തും. കിട്ടാവുന്നിടത്തോളം ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും അവ സസൂക്ഷ്മം പരിശോധിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്തതായി കാണാം. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ പ്രത്യേകം ഗവേഷണം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. നാലു മദ്ഹബുകളിലുമുള്ള അവഗാഹം നേടിയവര്‍ കേരളീയ പണ്ഡിതന്മാരില്‍ അപൂര്‍വമാണ്. ശാലിയാത്തിയെ ഇരുപതാം നൂറ്റാണ്ടിലെ ഗസ്സാലി എന്നാണു പലരും വിശേഷിപ്പിച്ചിരുന്നത്. ശൈഖ് അഹമ്മദ് റസാഖാന്‍ ബറേല്‍വി എന്ന മഹാപണ്ഡിതനില്‍ നിന്നാണ് ഹനഫീ ഫിഖ്ഹ് വശത്താക്കിയത്.
1954 ല്‍ നിര്യാതനായ ശൈഖ് അഹമ്മദ് കോയ ശാലിയാത്തി 20ാം നൂറ്റാണ്ടിലെ പ്രഗല്‍ഭ അറബി ഗ്രന്ഥകാരനായി പരിഗണിക്കപ്പെടുന്നു. വിഷയ വൈവിധ്യവും സമഗ്രതയും അദ്ദേഹത്തിന്റെ രചനകളുടെ വ്യതിരിക്തതയായിരുന്നു. 40 ലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൡ ഖിബ്്‌ലയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ രചിക്കപ്പെട്ടതാണ് ഖൈറുല്‍ അദാല ഫി ഹദ്‌യില്‍ ഇസ്തിഖ്ബാലില്‍ ഖിബ്്‌ല. അക്കാലത്തെ പണ്ഡിതര്‍ക്കിടയില്‍ ഈ കൃതി ഏറെ സ്വാധീനവും ചലനങ്ങളുമുണ്ടാക്കി. നാല്‍പത് ഹദീസുകളില്‍ നടത്തിയ പഠന ഗ്രന്ഥമാണ് അസ്സീയറുല്‍ ഹസീസ് ലി തഖ്‌രീജുല്‍ അര്‍ബഈനല്‍ ഹദീസ്. തെരഞ്ഞെടുത്ത ഹദീസ് വചനങ്ങളുടെ വിവിധ വശങ്ങള്‍ ഈ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നു. ‘ഇത്തിഹാഫുദ്ദലീല്‍ ഫീ റദ്ദിത്തജ്ഹീല്‍’ , ‘തഹ്ഖീഖു അല്‍ മഖാല്‍ ഫീ മബ്ഹസില്‍ ഇസ്തിഖ്ബാല്‍’ , ‘അല്‍ ഫതാവാ അല്‍ അസ്ഹരിയ്യ’ , ‘അല് ബയാനുല്‍ മൗസൂഖ്’ , ‘ശറഹുല്‍ ലതീഫ് വബയാനുല്‍ മുനീഫ്’ , ‘അല്‍ മഖാലുല്‍ ഹാവി ഫീ റദ്ദില്‍ ഫതാവാ വദ്ദആവീ’ , ‘ദഫ്ഹുല്‍ ഔഹാം ഫീ തന്‍സീലി ദവില്‍ അര്‍ഹാം’ , ‘കശ്ഫുസ്വാദിരി നള്മി അവാമിലി ശൈഖി അബ്ദുല്‍ ഖാഹിര്‍ ജുര്‍ജാനി’ , ‘അല്‍ അവാഇദുദ്ദീനിയ്യ ഫീ തല്ഹീസില്‍ ഫുആദില്‍ മദനിയ്യ’ , ‘അല്‍ അറഫുശ്ശദീയ്യ്’ , ‘ഇഫാദത്തുല്‍ മുസ്തഈദ് ബി ഇആദത്തില്‍ മുസ്തഫീദ്’ , ‘അസ്മാഉല്‍ മുഅല്ലിഫീന്‍ ഫി ദിയാറില്‍ മലയ്ബാര്‍’ എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്.
സ്വാതന്ത്ര്യ സമര നായകന്‍ നെല്ലിക്കുത്ത് ആലി മുസ്‌ല്യാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദാജി, മൗലാനാ മുഫ്തി മഹ്മൂദ് (മദ്രാസ്), ശൈഖ് ഹാഫിള് സയ്യിദ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ലത്വീഫുല്‍ ഖാദിരി അങ്ങനെ നീളുന്നു ഗുരുനാഥന്‍മാരുടെ ശൃംഖല. പഠിച്ചുകൊണ്ടിരിക്കെതന്നെ വെല്ലൂരില്‍ മുദരിസും വെല്ലൂര്‍ ദാറുല്‍ ഇഫ്താ മെമ്പറുമായി തെരഞ്ഞെടുക്കപ്പെട്ടു. മതപണ്ഡിത കൂട്ടായ്മകളുടെ രൂപീകരണത്തിലും അദ്ദേഹം പങ്കുകൊണ്ടതായി കാണാം. 1934 നവംബര്‍ 12ന് സമസ്ത രജിസ്റ്റര്‍ ചെയ്തപ്പോള്‍ ശാലിയാത്തി പത്താം നമ്പര്‍ അംഗമായി ചേര്‍ക്കപ്പെട്ടിരുന്നു.
വിശ്വാസപരവും കര്‍മപരവുമായ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ ആധികാരികമായ ഫത്‌വയുടെ സമാഹാരമാണ് ‘ഫതാവല്‍ അസ്ഹരിയ്യ’. വെല്ലൂര്‍ ലത്വീഫിയ്യ, തിരുനല്‍വേലി രിയാളുല്ജിനാന്‍ അറബിക് കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. കൊടിയത്തൂര്‍, നാഗൂര്‍, ബദുക്കല്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. മര്‍ഹും നെല്ലിക്കുത്ത് ആലി മുസ്‌ല്യാര്‍ ഹജ്ജിനു പോയപ്പോള്‍ ശിഷ്യനായ ശാലിയാത്തിയെ ആയിരുന്നു തിരൂരങ്ങാടി മുദരിസായി നിയമിച്ചത്.
മുഹമ്മദ് മുഹ്‌യുദ്ദീന്‍ ഹുസൈനുല്‍ ഖാദിരി, ശൈഖ് മുഹമ്മദ് അബ്ദുല്‍ അസീസ് ഹള്‌റത്ത്, മുഹമ്മദ് ഹസ്ബുല്ലാഹിബ്‌നു സുലൈമാനുല്‍ മക്കി, മുഫ്തി ശാഹ് റഹ്മതുല്ലാഹില്‍ ഖാദിരിന്നാഹൂരി എന്നിവരുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചു. ത്വരീഖത്തിന്റെ ശൈഖായിരുന്ന അദ്ദേഹം ശൈഖ് മുഹമ്മദ് ഹസ്ബുല്ലാഹിബ്‌നു ശൈഖ ്‌സുലൈമാനുല്‍ മക്കിയില്‍ നിന്നാണ് ഖാദിരിയ്യ ത്വരീഖത്തിന്റെ പാരമ്പര്യം നേടിയത്. ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്നു പ്രബോധനാര്‍ഥം കടലില്‍ മുസ്വല്ല വിരിച്ച് കേരളത്തിലെത്തിയ ആത്മജ്ഞാനിയും സൂഫി ഗുരുവുമായ സയ്യിദ് മുഹമ്മദ് ബാഹസന്‍ ജമല്ലൈലി തങ്ങളെ കുറിച്ചു രചിച്ച മൗലിദ് സാഹിത്യരചന അദ്ദേഹത്തിന്റെ കാവ്യമഹത്വം വിളിച്ചറിയിക്കുന്നതാണ്. അറബി കവിതകളിലൂടെ മത പാണ്ഡിത്യത്തിന് അദ്ദേഹം വലിയ സംഭാവനകളര്‍പ്പിച്ചു. തന്റെ മരണപ്പെട്ടു പോയ ഗുരുനാഥന്മാരെക്കുറിച്ച് രചിച്ച അനുശോചന കാവ്യം അറബി ഭാഷയിലെ ശ്രദ്ധേയ വിലാപ കാവ്യരചനയാണ്.
മത സംഘടനകളുടെ കാലം സജീവമായതോടെ വിവിധ വിഷയങ്ങളിലുണ്ടായ വിവാദങ്ങള്‍ക്ക് പരിഹാരമാകാന്‍ ശാലിയാത്തിയുടെ പഠനങ്ങളും സംഭാവനകളുമാണ് സഹായകമായത്. ഹിജ്‌റ വര്‍ഷം 1374 മുഹര്‍റം 27 ന് ഈ ലോകത്തോട് വിടപറഞ്ഞു. വൈജ്ഞാനികലോകത്തെ മഹദ് സംഭാവനയായ അദ്ദേഹത്തിന്റെ കുത്ബ്ഖാനക്കു സമീപം തന്നെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്്. കാടേരി മുഹമ്മദ് അബ്ദുല്‍ കമാല്‍ മുസ്‌ല്യാര്‍ ശാലിയാത്തിയുടെ പേരില്‍ അനുശോചന കാവ്യം രചിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Trending