ഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ഈ മാസം 15 മുതല്‍ ഘട്ടംഘട്ടമായി തുറക്കാന്‍ അനുമതി. ഇതു സംബന്ധിച്ച മാര്‍ഗ രേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മുഴുവന്‍ സമയവും അധ്യാപകരം കുട്ടികളും മാസ്‌ക് ഉപയോഗിക്കണം. സ്‌കൂളിലേക്ക് വരാന്‍ താല്പര്യം ഇല്ലാത്ത കുട്ടികളെ വീട്ടിലിരുന്ന് പഠിക്കാന്‍ അനുവദിക്കണം.

സ്‌കൂളുകള്‍ യാതൊരു വിധ പരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ല. കുട്ടികളും തിരക്കൊഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കണം. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ ക്ലാസ് റൂമുകളും പാചകപുരയും ഉള്‍പ്പെടെ എല്ലായിടവും അണുവിമുക്്തമാക്കണം. കുട്ടികള്‍ കാണുന്ന രീതിയില്‍ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.

സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും രണ്ട്, മൂന്ന് ആഴ്ചകള്‍ വരെ അസെയ്ന്‍മെന്റ് അടക്കമുള്ളവ നല്‍കാന്‍ പാടില്ല. ടെസ്റ്റ് പേപ്പറടക്കമുള്ള രീതികള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളോട് കൂടുതല്‍ സൗഹാര്‍ദ്ദപരമായ രീതിയിലുള്ള വിശകലന പഠന സമ്പ്രദായങ്ങളില്‍ ക്ലാസുകള്‍ നടത്തണം. നൂതനമായ ആശയങ്ങളിലൂടെ പഠനം കൂടുതല്‍ ഫലപ്രദമാക്കാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.