ഫൈസല്‍ മാടായി

കണ്ണൂര്‍: വെല്ലുവിളികളുയര്‍ത്തി കായികാധ്യാപക സമരം. സംസ്ഥാന സ്‌കൂള്‍ കായികമേള നീട്ടിയേക്കും. ചട്ടപ്പടി സമരത്തിലുറച്ച് മേളകളുടെ നടത്തിപ്പില്‍ കായികാധ്യാപകര്‍ തുടരുന്ന നിസഹകരണമാണ് കണ്ണൂരില്‍ നടക്കാനിരിക്കുന്ന സംസ്ഥാന കായികമേള നീട്ടുന്നതിലേക്കും എത്തിനില്‍ക്കുന്നത്. അടുത്ത മാസം 14 മുതല്‍ 17 വരെ മാങ്ങാട്ടുപറമ്പിലാണ് മേള നടക്കേണ്ടത്. മേള നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതിയുള്‍പ്പെടെ രൂപീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കായികാധ്യാപകരുടെ നിസഹകരണ സമരം ശക്തമായതാണ് നേരത്തെ നിശ്ചയിച്ച തിയതി നീട്ടുന്നതിനെ കുറിച്ച് കൂടിയാലോചനകള്‍ സജീവമായത്.

ഇതിനിടയില്‍ കായികാധ്യാപക സമരം ഒത്തുതീര്‍പ്പാക്കുകയാണ് ലക്ഷ്യം. സമരം ഒത്തുതീര്‍പ്പാക്കി മേള കാര്യക്ഷമമായി നടത്തുന്നതിനും നീക്കങ്ങള്‍ സജീവമാണ്. സമരം ഒത്തുതീര്‍പ്പാകുന്നപക്ഷം അടുത്ത മാസം 20ന് ശേഷം മേള നടത്താനാണ് തീരുമാനമെന്ന് അറിയുന്നു. കൂടുതല്‍ നീണ്ടുപോയാല്‍ തൊട്ടുപിന്നാലെ നടക്കാനിരിക്കുന്ന ദേശീയ മേളയെയും ബാധിക്കും. പുതുക്കിയ തിയതി ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. മേളയുടെ മുന്നൊരുക്കങ്ങളും തിയതി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സബ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11.30ന് കണ്ണൂരിലാണ് യോഗം നടക്കുക.

കായികാധ്യാപകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് 2017ലാണ് സംയുക്ത സമര സമിതി ചട്ടപ്പടി സമരം തുടങ്ങിയത്. സമരം തീര്‍പ്പാക്കാന്‍ ചര്‍ച്ച നടന്നെങ്കിലും ആവശ്യങ്ങള്‍ പരിഹരിച്ചില്ല. ഈ വര്‍ഷവും ജൂണ്‍ മുതല്‍ സമരം തുടരുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കടുംപിടുത്തവും തുടര്‍ന്നതോടെ ഉപജില്ലാതല മേള തുടങ്ങിയത് മുതല്‍ സമരം ശക്തമാകുകയായിരുന്നു. പ്രതികാര നടപടിയെന്നോളം കായികാധ്യാപക സംഘടന സംസ്ഥാന നേതാക്കളായ എ സുനില്‍, ജോസിത്ത് എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഗെയിംസ് നടത്തിപ്പിന്റെ പകിട്ട് കുറയുന്നതിനുമിടയാക്കി. ചിലയിടങ്ങളില്‍ ജില്ലാ കായിക മേള നടത്തിപ്പും അനിശ്ചിതത്വത്തിലാണ്.

റവന്യു സബ് ഡിസ്ട്രിക്റ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ജില്ലാതല മേളകള്‍ നടന്നുവരുന്നത്. സംസ്ഥാന മേളയില്‍ നിന്ന് കായികാധ്യാപകരെ ഒഴിവാക്കി സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയോ അസോസിയേഷനുകളെയോ ഉപയോഗപ്പെടുത്തി മേള നടത്താനുള്ള നീക്കങ്ങളും സജീവമാണ്. എന്നാല്‍ ഇത് എത്രത്തോളം ഫലപ്രദമാകുമെന്നതിനെ കുറിച്ച് സര്‍ക്കാര്‍ തലത്തിലും ആശങ്കയുണ്ട്. കായികപരമായ സാങ്കേതിക പരിജ്ഞാനത്തില്‍ വിജയികളെ കണ്ടെത്തുന്നത് മുതല്‍ സെറിമണിയുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന കായികാധ്യാപകരുടെ അഭാവം മേളയുടെ നടത്തിപ്പിനെ തന്നെ ബാധിച്ചേക്കും. കായികാധ്യാപക സമരം വിദ്യാര്‍ത്ഥികളുടെ പരിശീലനത്തെയും ബാധിക്കുന്നുണ്ട്.