തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലക്ക് കിരീടം. 30 സ്വര്‍ണവും 26 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 253 പോയിന്റ് നേടിയാണ് എറണാകുളം ജേതാക്കളായത്. എറണാകുളത്തിന്റെ 13-ാം കിരീടമാണിത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് 196 പോയിന്റുമായി ഇക്കുറിയും രണ്ടാമതെത്തി. 101 പോയിന്റുകളുള്ള തിരുവനന്തപുരമാണ് മൂന്നാമത്.

സ്‌കുളുകളില്‍ 81 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് കിരീടം തിരിച്ചുപിടിച്ചു. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സെന്റ് ജോര്‍ജ് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നത്. ഇതോടെ വിരമിക്കുന്ന കായിക പരിശീലകന്‍ രാജു പോളിന് വിജയത്തോടെ യാത്രയയപ്പ് നല്‍കാനും സെന്റ് ജോര്‍ജിന്റെ താരങ്ങള്‍ക്കായി. 62 പോയിന്റുള്ള കല്ലടി എച്ച്.എസ് കുമരംപത്തൂരാണ് സ്‌കൂളുകളില്‍ രണ്ടാമത്. മാര്‍ ബേസില്‍ 50 പോയിന്റുമായി മൂന്നാമതെത്തി.