ഭോപ്പാല്‍: സെല്‍ഫി ഭ്രമം മൂത്ത് ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത പോലീസ് ട്രെയിനിക്ക് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ട്രെയിനി കോണ്‍സ്റ്റബിള്‍ ആയ റാം അവതാര്‍ റാവത്ത് ആണ് കോടതി മുറിയില്‍ ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫി എടുത്തത്. കോടതി മുറിയില്‍ ആരുമില്ലാത്ത സമയത്താണ് പൊലീസുകാരന്‍ സെല്‍ഫി എടുത്തത്. പെട്ടന്നാണ് കോടതിയിലെ ജീവനക്കാരന്‍ വാതില്‍ തുറന്ന് അകത്ത് കയറിയത്.

ജഡ്ജിയുടെ കസേരയിലിരിക്കുന്നത് തടഞ്ഞ ജീവനക്കാരനോട് റാവത്ത് ക്ഷുഭിതനായി. എനിക്കിഷ്ടമുള്ളത് താന്‍ ചെയ്യുമെന്നും താനൊരു പൊലീസുകാരനാണെന്നും അയാള്‍ വാദിച്ചു. ജീവനക്കാരന്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. റാവത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കോടതി മുറിയില്‍ അതിക്രമിച്ചു കടന്നതിനാണ് കേസ്. എന്നാല്‍ തമാശക്ക് വേണ്ടിയാണ് സെല്‍ഫിയെടുത്തത് എന്നായിരുന്നു റാവത്തിന്റെ മറുപടി. ജാമ്യം അനുവദിച്ചെങ്കിലും ഒരു വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.