kerala

സെന്റോഫിന് ആഡംബര കാറുമായെത്തി അഭ്യാസം; വാഹനവും ഡ്രൈവറേയും പൊക്കി പോലീസ്

By webdesk17

February 28, 2025

കോന്നി: പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങില്‍ ആഡംബരക്കാറുമായെത്തി സ്‌കൂള്‍ കാമ്പസില്‍ അഭ്യാസപ്രകടനം നടത്തിയ കൗമാരക്കാരന്‍ പിടിയില്‍. കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

വിദ്യാര്‍ത്ഥികള്‍ 2000 രൂപ നല്‍കി ഫോട്ടോഷൂട്ടിനും റൈഡിനുമായി കാറെത്തിക്കുകയായിരുന്നു. എന്നാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാര്‍ വട്ടം ചുറ്റിച്ച് പൊടിപറത്തി അഭ്യാസപ്രകടനം നടത്തിയതോടെ ചീങ്കല്‍തടം ജോ സജി വര്‍ഗീസ് (19) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വിവാഹ ചടങ്ങുകള്‍ക്കും മറ്റും കാറുകള്‍ വാടകയ്ക്ക് കൊടുക്കുമ്പോള്‍ ഡ്രൈവറായി പോകുന്നയാളാണ് ഇയാള്‍. അധ്യാപകര്‍ അറിയിച്ചതോടെ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കാറും കസ്റ്റഡിയിലെടുത്തു. അനധികൃതമായി സ്‌കൂള്‍ കാമ്പസില്‍ പ്രവേശിച്ചതിനും അലക്ഷ്യമായ ഡ്രൈവിങ്ങിനുമാണ് കേസെടുത്തത്.