Connect with us

Video Stories

എസ്.ഇ.യു ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തിന് ചെമ്മാട്ട് തുടക്കമായി

Published

on

ചെമ്മാട്: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) മലപ്പുറം ജില്ലാ സമ്മേളനത്തിന് ചെമ്മാട്ട് തുടക്കമായി. ആദ്യദിവസം ‘മായ്ക്കാനാകില്ല വീരമുദ്രകൾ’ വിഷയത്തിൽ നടന്ന ചരിത്രസെമിനാർ ടി.വി ഇബ്രാഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ചരിത്രയാഥാർത്ഥ്യങ്ങളെ തമസ്കരിക്കാനും തിരുത്തി എഴുതുവാനുമുള്ള നിഗൂഢശ്രമങ്ങൾക്ക് ഭരണകൂടങ്ങൾ തന്നെ നേതൃത്വം നൽകുന്ന ഭീഷണമായ രാജ്യസാഹചര്യത്തിൽ രാജ്യസ്നേഹികൾ അതിജാഗ്രത കൊണ്ട് പ്രതിരോധം തീർക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രകാരനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി.എം ബഷീർ, സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണൻ കോട്ടുമല, എ.കെ മുസ്തഫ എന്നിവർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഹമീദ് കുന്നുമ്മൽ അധ്യക്ഷനായി. ചരിത്രസത്യങ്ങൾ വളച്ചൊടിക്കുന്നവർക്ക് തിരൂരങ്ങാടിയുടെ വീരോചിതമായ പോരാട്ടസ്മരണകളും സൗഹാർദ്ദ പാരമ്പര്യവും ഉജ്വലമാതൃകകൾ സമ്മാനിക്കുന്നതാണെന്നും, ഈ പ്രദേശത്തിന്റെ ഇതിഹാസതുല്യമായ വീരചരിതങ്ങൾ പാഠപുസ്തകങ്ങളിലൂടെ പകർന്നു നൽകണമെന്നും സെമിനാർ ആഹ്വാനം ചെയ്തു. തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, ഹനീഫ പുതുപ്പറമ്പ്, യു.കെ മുസ്തഫ മാസ്റ്റർ,സജീർ പന്നിപ്പാറ, കെ.പി അനിൽകുമാർ, സി.എച്ച് അബൂബക്കർ സിദ്ദീഖ്, കെ. മുഈനുൽ ഇസ്‌ലാം എന്നിവർ സംസാരിച്ചു.

മുൻകാല എസ്.ഇ.യു പ്രവർത്തകരെ ഒരുമിപ്പിക്കുന്ന ‘വേര്’ തലമുറ സംഗമം യു.ടി.ഇ.എഫ് ജനറൽ കൺവീനർ എ.എം അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ കെ അഹമ്മദ് അധ്യക്ഷനായി. മണ്ണിലാഴ്ന്നിറങ്ങിയ വേരുകൾ ഇല്ലാതെ വരുന്ന പക്ഷം ഏതു വൻമരവും പാഴ്മരമായി നിലംപതിച്ചു പോകുമെന്നും, പഴയ തലമുറകൾ പിൻഗാമികൾക്കുള്ള ദിശാസൂചികകളാണെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ.കെ ഹംസ, നാനാക്കൽ മുഹമ്മദ്, കെ എം റഷീദ്, സി എച്ച് ജലീൽ, മുഹമ്മദ് പുല്ലുപറമ്പൻ, യു.പി അബ്ദുൽ വാഹിദ്, ഉമ്മർ മുല്ലപ്പള്ളി, ബഷീർ പാലത്തിങ്ങൽ, അബ്ദുൽ ഗഫൂർ പാലത്തിങ്ങൽ, കെ. മൊയ്തീൻ കോയ, സി മുഹമ്മദ്, കെ വി പി കുഞ്ഞിപ്പോക്കർ കുട്ടി, ഇ ഒ അബ്ദുൽ ഹമീദ്, സി.പി മുഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ജില്ലാ പ്രസിഡന്റ് പതാക ഉയത്തും. പത്ത് മണിക്ക് സംഘടനാ സമ്മേളനം കുറുക്കോളി മൊയ്തീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.അബ്ദുല്‍ ബഷീര്‍, സി ലക്ഷ്മണന്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍ സംബന്ധിക്കും.
പതിനൊന്ന് മണിക്ക് ഉദ്ഘാടന സമ്മേളനം മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. കെ.പി.എ മജീദ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ഗകൃതികള്‍ ഉള്‍ക്കൊള്ളിച്ച ‘സ്പാര്‍ക്ക് ‘ സമ്മേളനപ്പതിപ്പിന്റെ പ്രകാശനം പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിക്കും. എസ്.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍ റിപ്പോര്‍ട്ടിംഗ് നടത്തും. എം.കെ ബാവ, പി.എസ്.എച്ച് തങ്ങള്‍, കുഞ്ഞിമരക്കാര്‍, യു.എ റസാഖ്, യു.കെ മുസ്തഫ മാസ്റ്റര്‍, മൂഴിക്കല്‍ ബാവ തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രതിനിധി സമ്മേളനം പന്ത്രണ്ട് മണിക്ക് എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ഉ്ദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ മുഹമ്മദലി പ്രമേയ പ്രഭാഷണം നടത്തും. എസ്.ടി.യു ദേശീയ സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍, ഡോ. ആബിദ ഫാറൂഖി, ഒ. ഷൗക്കത്തലി സംബന്ധിക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ‘ദേശീയത: പൈതൃകം-പരിണാമം -പ്രത്യാശകള്‍’ സെമിനാര്‍ നടക്കും. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. കവി ഡോ. സോമന്‍ കടലൂര്‍, യങ് ആക്ടിവിസ്റ്റ് അഡ്വ. നജ്മ തബ്ഷീറ, യുവ എഴുത്തുകാരന്‍ കെ.എം ശാഫി എന്നിവര്‍ പ്രസംഗിക്കും. പി.ഒ ഹംസ മാസ്റ്റര്‍, ഡോ അഹമ്മദ് കോയ, ഡോ എം.സി അബ്ദുറഹിമാന്‍, മുന്‍ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ ഉസ്മാന്‍, ചിത്രകാരി സി.എച്ച് മാരിയത്ത് എന്നിവരെ ആദരിക്കും.
വൈകീട്ട് നാലിന് ചെമ്മാട് ടൗണില്‍ ജീവനക്കാരുടെ ശക്തിപ്രകടനം നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി.എച്ച് മഹ്‌മൂദ് ഹാജി അധ്യക്ഷത വഹിക്കും. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍, വി.കെ മുനീര്‍ റഹ്‌മാന്‍, പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എം ഉസ്മാന്‍, എം. അബ്ദുറഹിമാന്‍ കുട്ടി, നാസര്‍ എടരിക്കോട്, പി.കെ അലി അക്ബര്‍ തുടങ്ങിയവർ സംബന്ധിക്കും. സംഘടനാ ചർച്ചകൾക്കും ഭാരവാഹി തെരഞ്ഞെടുപ്പിനും ശേഷം സമ്മേളനം നാളെ സമാപിക്കും

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending