മിമിക്രി താരവും സിനിമാതാരവുമായ അബിയുടെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗസല്‍ സംഗീതജ്ഞന്‍ ഷഹബാസ് അമന്‍. പ്രിയ അബീ.. പോകുന്ന പോക്കില്‍ താങ്കള്‍ക്ക് വ്യക്തമായും അഭിമാനിക്കാവുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ടെന്ന് തുടങ്ങുന്ന കുറിപ്പില്‍ കേരളത്തിലെ മുഖ്യ വിനോദവ്യാപാരമേഖലയുടെ ബാക്‌ഡ്രോപ്പില്‍ ജീവിച്ചിരുന്നിട്ടും താങ്കള്‍ ആളുകളെക്കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ചിക്കാത്തയാളാണ് അബിയെന്ന് ഷഹബാസ് പറയുന്നു. മകന്‍ ഷൈന്‍ നിഗം മിടുക്കനാണ്. അവന് ചെയ്യാന്‍ ഒരുപാടുണ്ടെന്നും ഷഹബാസ് പറഞ്ഞു. സാംസ്‌കാരികമായും കലാപരമായും ഉള്ള താങ്കളുടെ ഒരു പ്രധാന കോണ്ട്രിബ്യൂഷന്‍ കൂടിയാണു ഷൈന്‍ എന്നും ധൈര്യമായി പോകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ അബീ.. പോകുന്ന പോക്കില്‍ താങ്കള്‍ക്ക് വ്യക്തമായും അഭിമാനിക്കാവുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ട്.
ഒന്ന് : കിട്ടിയ ജീവിതകാലം ഏകദേശം മുഴുവനും തന്നെ അനുകരണകലയും സിനിമയും ഉള്‍പ്പെടെയുള്ള കേരളത്തിലെ മുഖ്യ വിനോദവ്യാപാരമേഖലയുടെ ബാക്‌ഡ്രോപ്പില്‍ ജീവിച്ചിരുന്നിട്ടും താങ്കള്‍ ആളുകളെക്കൊണ്ട് ‘വേണ്ടാത്തത് പറയിപ്പിച്ചിട്ടില്ല’ എന്നതാണു. കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും മലയാള ‘മുസ്ലിം’ പശ്ചാത്തലത്തില്‍ നിന്നും ‘പൊതു കലാരംഗത്തേക്ക്’ വരുന്ന മിക്ക ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ചും (ആ ഐഡന്റിറ്റി തീരെ അലട്ടാതിരിക്കുന്നവരെ
മാറ്റി നിര്‍ത്തുന്നു) അത് അത്ര ചെറിയൊരു കാര്യമല്ല.മാത്രമല്ല, അക്കാര്യത്തിലൊക്കെ പ്രത്യേകം ശ്രദ്ധ പുലര്‍ത്താന്‍ തന്നെ എന്തോരം സ്‌ട്രെയിന്‍ വേണ്ടി വന്നിട്ടുണ്ടാകും എന്നും മനസ്സിലാകുന്നവര്‍ക്ക് മനസ്സിലാകും! അങ്ങനെയുള്ളവര്‍ സ്വന്തം ഇന്നര്‍ ഡിസിപ്ലിന്‍ മൂലം വേണമെന്നും വേണ്ടെന്നും വെക്കുന്ന കാര്യങ്ങളും പല വിധത്തിലുള്ളതാണു.അവയൊക്കെ മറ്റു ‘പൊതു’കലാകാരരെ സംബന്ധിച്ച് നോക്കിയാല്‍ അല്‍പ്പം അല്‍ഭുതം നിറഞ്ഞത് തന്നെയാകാനാണു സാധ്യത.അതേക്കുറിച്ചൊന്നും താങ്കള്‍ അധികം പറഞ്ഞിട്ടുമില്ല.മറ്റുള്ളവരാല്‍ കാര്യമായി ചോദിക്കപ്പെട്ടിട്ടുമില്ല .പോട്ടെ.ഇനി അത് വിടാം…
രണ്ടാമത്തെക്കാര്യം സ്വന്തം മകന്‍ തന്നെ! ഷെയ്ന്‍ നിഗം! അവന്‍ മിടുമിടുക്കനല്ലേ! കൊച്ചി സ്റ്റയിലില്‍ പറഞ്ഞാല്‍ പൊളി!! ‘ഈട’ അത്യാവശ്യം വേണ്ട ഒരുത്തന്‍! ‘ഈട’ കലക്കും ചെയ്യും അവന്‍ ! താങ്കളുടെ അനുഭവപാഠങ്ങള്‍ തന്നെയാവാം ഒരു പക്ഷേ,അവനെ ഇത്ര ചെറുപ്പത്തിലേ ലെസ് ആക്രാന്തിയും സെലക്ടീവും എന്നാല്‍ എണ്ണം പറഞ്ഞ ഒരുത്തനും ആക്കിത്തീര്‍ത്തത്! അവനു ചെയ്യാന്‍ ഒരുപാടുണ്ട്! അതൊക്കെ ഓന്‍ നോക്കി ചെയ്‌തോളും! ഷെയ്ന്‍ എന്നു പറയുന്ന കുട്ടി കേവലം ഒരു പിന്തുടര്‍ച്ച എന്ന നിലക്ക് മാത്രമല്ല,സാംസ്‌കാരികമായും കലാപരമായും ഉള്ള താങ്കളുടെ ഒരു പ്രധാന കോണ്ട്രിബ്യൂഷന്‍ കൂടിയാണു പ്രിയ അബീ! ധൈര്യമായി പോകൂ! പോകുന്നിടത്തെല്ലാം നല്ലതു വരട്ടെ…
നിറയേ സ്‌നേഹം