കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോഴിക്കോടിന്റെ അഭിമാനമായി അഞ്ജലിയും ശാഹിദ് തിരുവള്ളൂരും. ഇന്നലെ പുറത്തുവന്ന സിവില്‍സര്‍വീസ് ഫലത്തില്‍ 26-ാം റാങ്ക് നേടിയാണ് അഞ്ജലി ജില്ലയുടെ അഭിമാനമുയര്‍ത്തിയത്. ബേപ്പൂര്‍ സ്വദേശിനിയായ അഞ്ജലി ഇപ്പോള്‍ ബാംഗ്ലൂരിലാണ് താമസം. ബേപ്പൂര്‍ തമ്പിറോഡിലെ ചിത്രാഞ്ജലിയില്‍ കാലിക്കറ്റ് ഡവലപ്മെന്റ് അതോറിറ്റിയില്‍ നിന്നു അക്കൗണ്ടന്റ് ഓഫീസറായി വിരമിച്ച കെ.പി സുരേന്ദ്രനാഥ്, ദേവി ദമ്പതികളുടെ മകളാണ് അഞ്ജലി. തിരുവനന്തപുരം എന്‍ലൈറ്റിലാണ് പരീക്ഷക്കായി പരിശീലനം നേടിയത്. എന്‍.ഐ.ടിയില്‍ നിന്ന് ഇലക്ട്രോണിക്സില്‍ ബിരുദം നേടിയ അഞ്ജലി ബാംഗ്ലൂരില്‍ ഡെലയോപ് ഡിസൈന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥയായി സേവനം നടത്തുകയാണ്. റാങ്ക് കിട്ടിയ സന്തോഷത്തില്‍ ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വടകര തിരുവള്ളൂര്‍ സ്വദേശി ശാഹിദ് ടി. കോമത്ത് 693-ാം റാങ്ക് നേടിയാണ് ജില്ലയുടെ അഭിമാനമായി മാറിയത്. മുസ്ലിം ലീഗ് നേതാവ് പി.കെ.കെ.ബാവ നേതൃത്വം നല്‍കുന്ന കാപ്പാട് ഖാളി കുഞ്ഞി ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമിയിലെ ഹസനി ബിരുധം നേടിയ ശാഹിദ്, അബ്ദുറഹിമാന്‍ മുസ്്ലിയാരുടെയും സുലൈഖയുടെയും മകനാണ്. ഭാര്യ ഷഹന ഷെറിന്‍.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ ഷാഹിദ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സിവില്‍ സര്‍വീസിന് പരിശീലനത്തിലായിരുന്നു. എം.എസ്.എഫ് സംസ്ഥാന കമ്മറ്റി നടത്തിയിരുന്ന ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് പ്രോജക്ടിലൂടെ ഐ.എ.എസ് പഠനം തുടങ്ങിയ ശാഹിദ് നേരത്തെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ശാഹിദ് 650-ാം റാങ്ക് കരസ്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ എം.എസ്.എഫിന്റെ പ്രത്യേക സ്‌കോളര്‍ഷിപ്പോടെയായിരുന്നു പരിശീലനം.

“ചന്ദ്രിക” ലേഖകനായിരുന്ന ശാഹിദ് കോഴിക്കോടും ഡല്‍ഹിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ കോച്ചിങ് സെന്റര്‍, ഹൈദരാബാദ് മൗലാന അബ്ദുല്‍ കലാം ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്സിറ്റി, ഡല്‍ഹിയിലെ ജാമിയ മില്ലിയ എന്നീ സ്ഥാപനങ്ങളിലാണ് പരിശീലനം നേടിയത്.