ഭോപ്പാല്‍: ഭോപ്പാലില്‍ എട്ട് സിമി പ്രവര്‍ത്തകരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുമ്പോഴും പൊലീസിനെ ന്യായീകരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നുണ്ടെന്നും അതു വരെ അവര്‍ ജയിലില്‍ ചിക്കന്‍ ബിരിയാണി കഴിച്ച് കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം അവര്‍ രക്ഷപ്പെട്ട് കൂടുതല്‍ കുറ്റകൃത്യങ്ങളിലും അക്രമങ്ങളിലും ഏര്‍പ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഭീകരാക്രമണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അതിവേഗ കോടതികള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് ചൗഹാനും മന്ത്രിമാരും രംഗത്തെത്തിയിരുന്നു. പൊലീസിന് മറ്റു വഴിയില്ലാത്തതിനാലാണ് പിന്നില്‍ നിന്നും വെടിവെച്ചതെന്നുമായിരുന്നു ഇവരുടെ വാദം.
ജയില്‍ ചാടുന്ന സമയത്ത് വിചാരണ തടവുകാരായിരുന്ന സിമി പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധങ്ങളായി സ്പൂണുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പൊലീസും സര്‍ക്കാറും പറയുന്നത്. എന്നാല്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ഇവരുടെ കയ്യില്‍ നാല് നാടന്‍ തോക്കുകള്‍ ഉണ്ടായിരുന്നെന്നാണ് സര്‍ക്കാറും പൊലീസും പറയുന്നത്. എന്നാല്‍ ഈ വാദം എ.ടി.എസ് തലവന്‍ തന്നെ ഖണ്ഡിച്ചിരുന്നു. കൊല്ലപ്പെടുമ്പോള്‍ എട്ട് സിമി പ്രവര്‍ത്തകരും നിരായുധരായിരുന്നെന്നാണ് എ.ടി.എസ് തലവന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. അതേ സമയം ഇവര്‍ എട്ടു പേരും ക്രിമിനലുകളാണെന്നും പൊലീസിന് വേണമെങ്കില്‍ പരമാവധി ശക്തി ഇവര്‍ക്കുമേല്‍ പ്രയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.