മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനുമെതിരായ വധഭീഷണി ഒരു ത്രില്ലിങ് ഹൊറര്‍ സ്‌റ്റോറി മാത്രമാണെന്ന് ശിവസേന. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കറങ്ങിനടക്കുമെന്നും ശിവസേനയുടെ മുഖപത്രമായ സാംനയില്‍ പ്രസിദ്ധീകരിച്ച ലേഖനം കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ദീര്‍ഘായുസ് നേര്‍ന്ന ലേഖനത്തില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും പരിഹസിക്കുന്നു. ഇത്തരം വധഭീഷണിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തല്‍. ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.