കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നേതാക്കളായ വി.ഡി.സതീശനും കെ.സുധാകരനും പ്രതികരണവുമായി രംഗത്തെത്തി. തീവ്രവാദി സംഘടനകള്‍ പോലും പ്ലാന്‍ ചെയ്യാത്ത രീതിയില്‍ പ്ലാന്‍ ചെയ്ത് സി.പി.എം കില്ലര്‍ ഗ്രൂപ്പുകള്‍ കൊലപാതകം നടത്തുന്നെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

പി.ജയരാജന്‍ അറിഞ്ഞുകൊണ്ടാണ് ശുഹൈബിന്റെ കൊലപാതകം നടന്നത്. അക്രമത്തില്‍ പങ്കില്ലെന്നത് സി.പി.എമ്മിന്റെ സ്ഥിരം പല്ലവിയാണ്. പിണറായി വിജയന്‍ അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

ആയുധമെടുക്കാന്‍ സി.പി.എം നിര്‍ബന്ധിക്കരുതെന്ന് കെ.സുധാകരനും പറഞ്ഞു. സഹിഷ്ണുത ദൗര്‍ബല്യമായി കാണരുത്. ആയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോണ്‍ഗ്രസ് പോരാടുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.