ഷുഹൈബ് വധക്കേസ് സി.ബി.ഐ.ക്ക് വിട്ട കോടതി നടപടിയില്‍ ഷുഹൈബിന്റെ പിതാവ് പ്രതികരിച്ചു. പടച്ചവനാണ് ഹൈക്കോടതി ജഡ്ജിയുടെ രൂപത്തില്‍ വന്നതെന്നും പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉന്നതര്‍ കേസിനു പിന്നില്‍ ഉള്ളതുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്ന് ശുഹൈബിന്റെ സഹോദരിമാരും ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി, പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ശുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ കേസ് സിബിഐ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തതിനെ തുടര്‍ന്നാണ് ശുഹൈബിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.