ന്യൂഡല്‍ഹി: ഒരു മാസത്തിലേറെയായി ദോക്‌ലാമില്‍ നടക്കുന്ന സംഘര്‍ഷത്തിന് പരിഹാരമാവുന്നു. ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായി. സിക്കിം അതിര്‍ത്തിയില്‍ നിന്നും സൈന്യം പിന്‍മാറുകയാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മ്മിക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ദോക്‌ലയില്‍ കഴിഞ്ഞ ജൂണില്‍ സംഘര്‍ഷം ഉടലെടുത്തത്. എന്നാല്‍ ചൈനയുടെ റോഡ് നിര്‍മ്മാണത്തില്‍ ഇന്ത്യ ഇടപെടുകായണെന്നായിരുന്നു ചൈനയുടെ ആരോപണം. അതിര്‍ത്തിയുടെ തന്ത്രപ്രധാനമായ ഭാഗത്ത് സൈന്യത്തെ ഉപയോഗിച്ച് കടന്നുകയറുകയാണ് ചൈനയെന്ന് ഇന്ത്യയും ഭൂട്ടാനും പറയുന്നു. ഇതിന്റെ ഭാഗമായി സംഘര്‍ഷം നീണ്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച ലഡാക്കില്‍ കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ ചെറുത്തിരുന്നു. പാന്‍ഗോങ് തടാകത്തിന് സമീപത്ത് ഇരു സൈന്യങ്ങളും പരസ്പരം കല്ലേറ് നടത്തി. രണ്ട് മണിക്കൂറാണ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായി കല്ലേറുണ്ടായത്. നിലവില്‍ യാതൊരു പരിഹാരത്തിനും തയ്യാറാവാതെ നില്‍ക്കുകയായിരുന്ന ചൈനയെ നയതന്ത്രതലത്തില്‍ കരുക്കള്‍ നീക്കി പരിഹാരമാര്‍ഗ്ഗത്തിലേക്കെത്തിക്കുകയായിരുന്നു ഇന്ത്യ.