കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ സ്മരണ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ആസ്പത്രികളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 21ന് മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അവാര്‍ഡ്ദാനം നടത്തും.
ആസ്പത്രി വികസന സമിതിയുടെ കീഴില്‍ ജോലി ചെയ്യുന്ന സംസ്ഥാനത്തെ അയ്യായിരത്തില്‍പരം ജീവനക്കാരില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തുക. എല്ലാ ജില്ലകളില്‍ നിന്നും അപേക്ഷ ലഭിച്ചതായി യൂണിയന്‍ പ്രസിഡണ്ട് എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. അവാര്‍ഡ് നിര്‍ണയം പുരോഗമിക്കുകയാണ്. ആസ്പത്രി വികസനസമിതിയുടെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ലിനിയുടെ മരണത്തോടെയാണ് ഇവരുടെ സേവനവേതന വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് കൂടുതല്‍ ബോധ്യമായത്. സമര്‍പ്പിതമായ മനസ്സോടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രോത്സാഹനം എന്ന നിലയിലാണ് അവാര്‍ഡ് നല്‍കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എം. ധര്‍മജന്‍, വാസുദത്തന്‍, കെ. സുരേഷ്ബാബു, എന്‍.വി വാസുദേവന്‍ എന്നിവരും സംബന്ധിച്ചു.