Connect with us

india

പഞ്ചാബില്‍ ആറാടി ആപ്

ഡല്‍ഹി പാര്‍ട്ടിയെന്ന അധിക്ഷേപത്തിന് പഞ്ചാബിലൂടെ അറുതി വരുത്തി ആംആദ്മി പാര്‍ട്ടി. പഞ്ചാബില്‍ ആകെയുള്ള 117 നിയമസഭാ മണ്ഡലങ്ങളില്‍ 92 ഇടത്തും വിജയിച്ച ആപ് 2017ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 72 സീറ്റുകളാണ് അധികമായി നേടിയത്.

Published

on

അമൃത്സര്‍: ഡല്‍ഹി പാര്‍ട്ടിയെന്ന അധിക്ഷേപത്തിന് പഞ്ചാബിലൂടെ അറുതി വരുത്തി ആംആദ്മി പാര്‍ട്ടി. പഞ്ചാബില്‍ ആകെയുള്ള 117 നിയമസഭാ മണ്ഡലങ്ങളില്‍ 92 ഇടത്തും വിജയിച്ച ആപ് 2017ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 72 സീറ്റുകളാണ് അധികമായി നേടിയത്. ആപിന്റെ തേരോട്ടത്തില്‍ നിലവിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മത്സരിച്ച രണ്ടിടത്തും തോറ്റു. പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനും കാലിടറി. 18 സീറ്റുകൊണ്ട് കോണ്‍ഗ്രസ് തൃപ്തിപ്പെട്ടപ്പോള്‍ 2017ലേതിനേക്കാള്‍ 59 സീറ്റുകളാണ് പാര്‍ട്ടിക്ക് നഷ്ടമായത്. ശിരോമണി അകാലിദളിന്റെ ഒട്ടു മിക്ക നേതാക്കളും തോറ്റമ്പിയപ്പോള്‍ പാര്‍ട്ടി മൂന്ന് സീറ്റിലൊതുങ്ങി. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 12 സീറ്റുകളുടെ കുറവ്.

ഒരു സീറ്റ് സഖ്യ കക്ഷിയായ ബി.എസ്.പിയ്ക്കും ലഭിച്ചു. കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയായ പി.എല്‍.സി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന് സ്വന്തം തട്ടകത്തില്‍ തോല്‍വി പിണഞ്ഞതിനൊപ്പം പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും തോറ്റമ്പി. സഖ്യ കക്ഷിയായി മത്സരിച്ച ബി.ജെ.പി രണ്ടിടത്ത് ഒതുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു സീറ്റ് കുറവ്. 2017 ലെ തെരഞ്ഞെടുപ്പില്‍ ആംആദ്മി വിജയക്കൊടി നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നെങ്കിലും വിജയം ക്യപ്റ്റന്‍ അമരിന്ദറിനും കോണ്‍ഗ്രസിനും ഒപ്പം നിന്നിരുന്നു.

എന്നാല്‍ ഇത്തവണ പടലപ്പിണക്കങ്ങളും തമ്മിലടിയും സീറ്റ്, സ്ഥാനപ്പോരും ഒപ്പം ഭരണ വിരുദ്ധ വികാരവും കോണ്‍ഗ്രസിനെ പിടിച്ച് കുലുക്കിയപ്പോള്‍ ആംആദ്മി പതിയെ കളം പിടിച്ചു. ആപ്പിന്റെ മുന്നേറ്റത്തില്‍ കാലിടറിയത് അമരീന്ദര്‍സിങ്്, ചരണ്‍ജിത് സിങ് ഛന്നി, നവ്‌ജ്യോത് സിങ്് സിദ്ദു. പ്രകാശ് സിങ് ബാദല്‍ തുടങ്ങിയ മുന്‍ നിരനേതാക്കളാണ്. 2012 ല്‍ മാത്രം രൂപീകരിച്ച ‘ആംആദ്മി’ പാര്‍ട്ടി ഷീലാ ദീക്ഷിതിനെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചാണ് ആദ്യം ഡല്‍ഹിയില്‍ അധികാരം നേടിയത്. അന്ന് അത് അപ്രതീക്ഷിത മുന്നേറ്റമായിരുന്നു. ആ വിജയം രണ്ടാം വട്ടവും കെജ്‌രിവാള്‍ ആവര്‍ത്തിച്ചു. അപ്പോഴും ഡല്‍ഹിയില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയെന്ന വിമര്‍ശനം കെജ്‌രിവാളിനും ആംആദ്മിക്കും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതിനുമപ്പുറം ഒരു വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ച് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് പഞ്ചാബിലെ മുന്നേറ്റത്തിലൂടെ ആപ്. ഡല്‍ഹിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാള്‍ കൂടുതല്‍ കരുത്തനാകുകയാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും മാറ്റി നിര്‍ത്തി ഒരു മുന്നണി രൂപീകരണം എന്നതിലേക്ക് പ്രതിപക്ഷ കക്ഷികളെത്തിയാല്‍ അതില്‍ നേതൃനിരയിലേക്ക് കെജ്‌രിവാളിന് ഇനി എളുപ്പത്തിലെത്താം. ദേശീയ നേതാവ് എന്ന ലക്ഷ്യം അദ്ദേഹം മുമ്പും തുറന്ന് പറഞ്ഞിട്ടുമുണ്ട്. വിവാദ നായകനായ ഭഗ്വന്ത് മാനാണ് ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

പഞ്ചാബിലെ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ വലിയ എതിര്‍പ്പ് ഭഗ്വന്തിനെരെയുണ്ട്. അത് ഭരണത്തില്‍ ആപ്പിന് തിരിച്ചടിയായേക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കെജ്‌രിവാളിന്റെ ആശീര്‍വാദവും പിന്തുണയും മാനുണ്ടെന്നത് ശ്രദ്ധേയമാണ്. മദ്യപാനം, മദ്യപിച്ച് യോഗത്തിനും പാര്‍ലമെന്റിലുമെത്തിയതടക്കമുള്ള വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് എതിരെ ഉയര്‍ന്നെങ്കിലും അന്നും ഒപ്പം നിന്നത് കെജ്‌രിവാളാണ്. ഭഗ്വന്ത് മാനിന്റെ പ്രവര്‍ത്തന മികവ് കൊണ്ട് മാത്രമല്ല ഭരണം പിടിക്കാന്‍ ആംആദ്മിക്ക് സാധിച്ചത്. മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിച്ച മറ്റൊരു നേതാവ് കൂടിയുണ്ട്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സഹ ചുമതലയുള്ള രാഘവ് ഛദ്ദയെന്ന മുപ്പത്തിമൂന്നുകാരന്‍. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലെ തന്നെ പകരക്കാരാണ് ആം ആദ്മി പാര്‍ട്ടിയെന്നാണ് ചദ്ദ പ്രതികരിച്ചത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ചുമതലയില്‍ കെജ്രിവാളിനെ കാണാമെന്നും ചദ്ദ പറഞ്ഞുവെക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബിജെപി ഭരണത്തിൽ ഏറ്റവും വേദനിപ്പിക്കപ്പെട്ടത് കർഷകർ, ഇന്ത്യ സഖ്യം കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും’: രാഹുൽ ഗാന്ധി

ജി എസ് ടി ഭേദഗതി ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു

Published

on

ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കും എന്ന് പറഞ്ഞു പാലിച്ചില്ല. കൊവിഡ് വന്നപ്പോള്‍ ഒരുപാട് പേര്‍ വഴിയില്‍ മരിച്ചുവീണു. ഓക്‌സിജനും വെന്റിലേറ്ററും ലഭിച്ചില്ല. അപ്പോള്‍ നരേന്ദ്രമോദി കയ്യടിക്കാന്‍ പറഞ്ഞു. കയ്യടി കൊണ്ടാ പ്രയോജനമില്ലെന്ന് കണ്ടപ്പോള്‍ മൊബൈല്‍ ലൈറ്റ് തെളിയിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം. റാണി ലക്ഷ്മിഭായിയുടെ കര്‍മ്മഭൂമിയില്‍ താന്‍ ഉറപ്പു നല്‍കുന്നു. നരേന്ദ്രമോദിയും ആര്‍എസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും ഈ ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയനയില്‍ അരവിന്ദ് കേജ്രിവാളിന്റെ റോഡ് ഷോ ആരംഭിച്ചു. വരുന്ന ജൂലൈയില്‍ ജാന്‍സിയിലെ ആളുകള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമ്പോള്‍, 8500 രൂപ വന്നിട്ടുണ്ടാകും. ബിജെപി ഭരണത്തില്‍ ഏറ്റവും വേദനിപ്പിക്കപ്പെട്ടിട്ടുള്ളത് കര്‍ഷകര്‍. അതിനാല്‍ ഇന്ത്യ സഖ്യത്തിന്റെ സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും.

നരേന്ദ്രമോദി യുവാക്കളോട്, അഴുക്ക് ചാലില്‍ നിന്നും പൈപ്പിട്ട ഗ്യാസ് എടുത്ത് പക്കോഡ ഉണ്ടാക്കി വില്‍ക്കാന്‍ പറഞ്ഞു. ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കോടിക്കണക്കിന് യുവാക്കളെയും കോടിക്കണക്കിന് സ്ത്രീകളെയും ലക്ഷാധിപതികള്‍ക്കും. ജി എസ് ടി ഭേദഗതി ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അഗ്‌നി വീര്‍ പദ്ധതി ചവറ്റുകുട്ടയില്‍ എറിയും. ബുന്ദേല്‍ഖണ്ഡില്‍ പ്രതിരോധ ഫാക്ടറി തുടങ്ങും എന്ന് പറഞ്ഞ് മോദി ജനങ്ങളെ വഞ്ചിച്ചു. ഇന്ത്യ സഖ്യത്തിന്റെ സര്‍ക്കാര്‍ വന്നാല്‍ മോദി നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സൗജന്യ റേഷന്‍ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

india

‘വലിയ സ്വാധീനമില്ലേ, അത് നല്ലരീതിയില്‍ ഉപയോഗിച്ചുകൂടെ’: ബാബാ രാംദേവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ മാപ്പപേക്ഷിച്ചിട്ടും പരസ്യങ്ങള്‍ തുടരുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: യോഗാ ആചാര്യന്‍ ബാബാ രാംദേവിനെ വീണ്ടും വിമര്‍ശിച്ച് സുപ്രിം കോടതി. വലിയ സ്വാധീനമുള്ള രാംദേവിന് അത് നല്ലതുപോലെ ഉപയോഗിച്ചു കൂടെ എന്നാണ് കോടതി പറഞ്ഞത്. ബാബാ രാംദേവ് സഹസ്ഥാപകനായ പതഞ്ജലി ആയുര്‍വേദ തെറ്റായ പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ വിമര്‍ശനം.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ മാപ്പപേക്ഷിച്ചിട്ടും പരസ്യങ്ങള്‍ തുടരുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ ഇനി പ്രദര്‍ശിപ്പിക്കരുതെന്ന് പതഞ്ജലി കത്ത് മുഖേന ടി.വി ചാനലുകളെ അറിയിച്ചതായും വിമര്‍ശനം നേരിട്ട ഉത്പന്നങ്ങളുടെ വിപണനം നിര്‍ത്തിയതായും മുതിര്‍ന്ന അഭിഭാഷകന്‍ ബല്‍ഭീര്‍ സിങ്, കേസ് പരിഗണിക്കുന്ന ബെഞ്ചിനെ അറിയിച്ചു.

തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല.

പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു. കോടതി ഇടപെട്ടതോടെ പതഞ്ജലി സഹ സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്ണയും കോടതിയില്‍ മാപ്പുപറഞ്ഞിരുന്നു. എന്നാല്‍ കോടതിയലക്ഷ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രിംകോടതി പലതവണ നിരസിച്ചിരുന്നു. പതഞ്ജലി മനഃപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്നായിരുന്നു കോടതിയുടെ നിഗമനം. പിന്നാലെ പരസ്യമായി മാപ്പ് അപേക്ഷിച്ച് പത്രങ്ങളില്‍ ഇരുവരും പരസ്യം നല്‍കിയിരുന്നു.

Continue Reading

india

ബി.ജെ.പിയുടെ മുസ്‌ലിം വിദ്വേഷ പ്രചാരണം: പ്രതിഷേധവുമായി യു.കെ പ്രവാസികള്‍

16 പ്രവാസി ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിജില്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ 150ഓളം പേര്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം രേഖപ്പടുത്തി

Published

on

ലണ്ടന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിദ്വേഷ പ്രചരണം അഴിച്ചുവിടുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി യു.കെയിലെ ഇന്ത്യന്‍ പ്രവാസികള്‍. ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ ദലിത്, ഒ.ബി.സി വിഭാഗത്തിലുള്ളവരെ മുസ്‌ലിംകള്‍ക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതാ സമ്മേളനം നടത്തി. 16 പ്രവാസി ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിജില്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ 150ഓളം പേര്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം രേഖപ്പടുത്തി. പരസ്യമായ നിലപാട് സ്വീകരിച്ചാല്‍ തങ്ങളുടെ ഒ.സി.ഐ കാര്‍ഡുകള്‍ അസാധുവാക്കപ്പെടുകയോ ഇന്ത്യയിലെ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന ഭയത്താല്‍ പ്രവാസികളില്‍ പലരും ഭയപ്പെടുന്ന സമയത്താണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്.

മുന്‍ എ.എന്‍.സി എം.പിയും എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആന്‍ഡ്രൂ ഫെയിന്‍സ്‌റ്റൈന്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുത്തു. യുകെയിലെ വരാനിരിക്കുന്ന പൊതു തെരെഞ്ഞടുപ്പില്‍ കെയര്‍ സ്റ്റാര്‍മറിനെതിരെ മത്സരിക്കുമെന്ന് ഫെയിന്‍സ്‌റ്റൈന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗസ്സയില്‍ പതിനായിരകണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഇസ്രാഈല്‍ രാഷ്ട്രത്തെ പ്രോഝാഹിപ്പിക്കുകയും ആയുധം നല്‍കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും തീവ്രമായ വംശീയ ദേശീയവാദികളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് രീതിയിലെ ഓരോ ഘട്ടത്തിലും ഉന്നയിക്കുന്ന അഴിമതികളും സമ്മേളനത്തില്‍ ചര്‍ച്ചയായി. പാരിസ്ഥിതിക വിനാശകാരിയായ കല്‍ക്കരി ഖനികള്‍ക്കും റിഫൈനറികള്‍ക്കും വഴിയൊരുക്കാന്‍ വേണ്ടി ആദിവാസി സമൂഹങ്ങളെ പീഡിപ്പിക്കുന്നതില്‍ അദാനി ഗ്രൂപ്പിന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നാണ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിലെ കല്‍പ്പന വില്‍സണ്‍ അഭിപ്രായപ്പെട്ടത്.

യു.കെയിലെ ജാതി സംഘടനയായ കാസ്റ്റ് വാച്ച് യു.കെയുടെ അധ്യക്ഷന്‍ സത്പാല്‍ മുമാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യയുടെ മതേതര ഭരണഘടനക്ക് പകരം ക്രൂരവും സ്ത്രീവിരുദ്ധവും ജാതീയവുമായ രണ്ടാം നൂറ്റാണ്ടിലെ നിയമങ്ങള്‍ കൊണ്ടുവരുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വത്തിന്റെ യഥാര്‍ത്ഥ മുഖം ബ്രിട്ടനിലെ ആര്‍ക്കും അറിയില്ല. ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ജനതയെയും പങ്കാളികളെയും ഏജന്‍സികളെയും ബോധവത്കരിക്കേണ്ടതുണ്ടെന്നും യു.കെ ഇന്ത്യന്‍മുസ്‌ലിം കൗണ്‍സിലിലെ മുഹമ്മദ് ഒവൈസ് പറഞ്ഞു. മോദിക്കും ബി.ജെ.പിക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന സജീവവും സംഘടിതവുമായ പ്രവാസിശബ്ദങ്ങള്‍ ഇല്ലെന്ന് കരുതരുതെന്നും തങ്ങള്‍ ഇവിടെയുണ്ടെന്നും എവിടെയും പോകുന്നില്ലെന്നും ‘ഹിന്ദൂസ് ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് യു.കെ’ ഡയറക്ടര്‍ രാജീവ് സിന്‍ഹ പറഞ്ഞു.

Continue Reading

Trending