ലക്‌നൗ: കൗമാരക്കാരനെ ഒരു മാസത്തിനിടെ പാമ്പ് കടിച്ചത് എട്ട് തവണ. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലക്കാരനായ യാഷ്‌രാജ് മിശ്രയെന്ന യുവാവിനാണ് അപൂര്‍വമായ അനുഭവം. കടിച്ചത് ഒരേ പാമ്പ് തന്നെയാണെന്ന് ഇവര്‍ പറയുന്നു. നിരവധി തവണ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഓരോ തവണ കടിയേല്‍ക്കുമ്പോഴും ഗ്രാമത്തിലുള്ള ഡോക്ടറുടെ അടുത്തെത്തി ചികിത്സ തേടിയാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ചയാണ് അവസാനമായി കടിയേറ്റത്.

തുടര്‍ച്ചയായി ഒരേ പാമ്പ് തന്നെ കടിക്കുന്നത് കാരണം യാഷ്‌രാജിനെ പിതാവ് ചന്ദ്രമൗലി മിശ്ര ബന്ധുവായ രാംജി ശുക്ല താമസിക്കുന്ന ബഹദൂര്‍പൂര്‍ ഗ്രാമത്തിലേക്കയച്ചിരുന്നു. അവിടെ വെച്ചും വീടിനടുത്ത് ഇതേ പാമ്പിനെ കാണുകയും കടിയേല്‍ക്കുകയും ചെയ്തു. ഈ പാമ്പിന് എന്തുകൊണ്ടാണ് യാഷ്‌രാജിനോട് ഇത്ര വിരോധമെന്ന് അറിയില്ലെന്ന് പിതാവ് പറഞ്ഞു. പാമ്പിനെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് യാഷ്‌രാജെന്നും പിതാവ് പറഞ്ഞു.