കോഴിക്കോട്: ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ സൃഷ്ടിക്കപ്പെട്ട ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍ സൈബര്‍ വിംഗെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഹര്‍ത്താല്‍ എതിര്‍ വിഭാഗം ഏറ്റെടുക്കുമെന്നും, അതുവഴി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷവും, സാമുദായിക ധ്രുവീകരണവും ഉണ്ടാക്കാമെന്ന സംഘ്പരിവാര്‍ കണക്ക് കൂട്ടലാണ് ചിലയിടങ്ങളില്‍ ലക്ഷ്യംകണ്ടത്. കഠ്‌വ പെണ്‍കുട്ടിയുടെ വിഷയത്തില്‍ മുഴുവന്‍ മലയാളികളും കക്ഷി, രാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധിച്ച സംഭവത്തെ പൊതു നിരത്തില്‍ അപഹസിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്നു ഹര്‍ത്താല്‍ ലക്ഷ്യമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
മലബാറില്‍ സംഘര്‍ഷവും, വര്‍ഗീയ വികാരവും ആളിക്കത്തിക്കുകയായിരുന്നു ഹര്‍ത്താല്‍ വാര്‍ത്തക്ക് പിന്നിലെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷുവിന്റെ പിറ്റേ ദിവസം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാണ് പലയിടത്തും ഒരു വിഭാഗം റോഡിലിറങ്ങിയത്. മലപ്പുറത്ത് മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതും തിരൂരില്‍ ഒരു ഭജനമഠം അക്രമിച്ചതും സംഘ്പരിവാര്‍ സൈബര്‍ വിംഗും മീഡിയകളും വന്‍ പ്രാധാന്യത്തോടെയാണ് പ്രചരിപ്പിക്കുകയാണ്. ഇത് തന്നെയാണ് വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് കരുതുന്നു. സമാനമായ അഭിപ്രായ പ്രകടനങ്ങള്‍ വിവിധ രാഷ്ട്രീയ നേതാക്കളും ഇതിനോടകം നടത്തി കഴിഞ്ഞു.
എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെയാണെന്ന് പ്രചാരണമുണ്ടായെങ്കിലും ഹര്‍ത്താലിനെ പിന്തുണച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം നേതാക്കള്‍ അറിയിച്ചതോടെ ഒരു വിഭാഗം അക്രമവും ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു.പുരോഗമന ആശയത്തിന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈല്‍ വഴിയാണ് സംഘ്പരിവാര്‍ തങ്ങളുടെ അജണ്ട ഇവിടെ ഒളിച്ചുകടത്തിയത്. സോഷ്യല്‍ മീഡിയയില്‍ സംഘടിച്ച ജനകീയ സമിതി എന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടാണ് പലയിടത്തും ആളുകള്‍ കടയടപ്പിക്കാനും വഴിതടയാനും മുന്നോട്ടെത്തിയത്.
ബസ് ഉടമകളും കടയുടമകളും ഇത് ചോദ്യം ചെയ്തതോടെ ഒറ്റപ്പെട്ട ആക്രമണ സംഭവങ്ങളുണ്ടായി. മലബാറിനെയാണ് ഹര്‍ത്താല്‍ ഏറെ ബാധിച്ചത്. ന്യൂനപക്ഷങ്ങള്‍ ഏറെ അധിവസിക്കുന്ന മലബാറില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി സംഘര്‍ഷത്തിലെത്തിക്കാനുള്ള സംഘ്പരിവാര്‍ ശ്രമം വിജയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഉച്ചയോടെ ഹര്‍ത്താലിന് പിന്നില്‍ മുസ്‌ലിം തീവ്രവാദ സംഘടങ്ങളാണെന്ന് ആരോപിച്ച് കെ സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കളും രംഗത്തെത്തി. സംസ്ഥാന വ്യാപകമായി സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ചില സംഘടനകള്‍ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. ഹൈന്ദവ പ്രതിഷേധ കൂട്ടായ്മയുടെ പേരില്‍ കോഴിക്കോട്ട് സംഘ്പരിവാര്‍ പ്രകടനവും നടത്തി.
വ്യാജ ഹര്‍ത്താല്‍ നിയമനടപടി സ്വീകരിക്കും: ഡി.ജി.പി
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്നലെ ചിലര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് പൊതുമുതല്‍ നശീകരണവും അതിക്രമവും നടത്തിയ സംഭവത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വടക്കന്‍ ജില്ലകളിലാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം തടസപ്പെടുത്തലും അതിക്രമങ്ങളും കൂടുതലായുണ്ടായത്. അതിക്രമങ്ങളില്‍ മുപ്പതോളം പൊലീസുകാര്‍ക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്കും പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 250ലേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം തടയുന്നതിനുള്ള മറ്റു മുന്‍കരുതലുകള്‍ നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആരുടെയും പേരിലല്ലാതെ സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങള്‍ സാമൂഹിക വിരുദ്ധശക്തികള്‍ മുതലെടുക്കുന്ന സാഹചര്യമുള്ളതിനാല്‍ അതു സംബന്ധിച്ച് അന്വേഷണം നടത്തും. ഭാവിയില്‍ മുന്നറിയിപ്പില്ലാതെയുള്ള ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.