ന്യൂഡല്‍ഹി: ഗുര്‍മീത് റാം റഹിം സിങ് എന്ന ആള്‍ ദൈവം കെട്ടിയാടിയ വേഷങ്ങള്‍ പലതാണ്. സിനിമാഭിനയവും സ്റ്റേജ് പരിപാടികളുമൊക്കെയായി ന്യൂജനറേഷന്‍ ആത്മീയ നേതാവെന്ന് ഇയാളെ വിശേഷിപ്പിക്കാം. നിരവധി ലോകരാജ്യങ്ങളിലായി 250 ലധികം ആശ്രമങ്ങളും ലക്ഷക്കണക്കിന് അനുയായികളുമുള്ളയാള്‍.

സിനിമയില്‍ വില്ലന്‍മാരെ അടിച്ച് പറത്തുന്ന ആത്മീയ നേതാവ്. ആടിപ്പാടി സ്റ്റേജ് ഷോകളെ ഇളക്കിമറിക്കുന്ന പാട്ടുകാരന്‍. 1948ല്‍ രൂപീകരിച്ച ദേരാസച്ചാ സൗദയെന്ന സംഘടനയുടെ തലവനായി 91ലാണ് ഗുര്‍മീത് എത്തുന്നത്.സിഖ് മതത്തിലെ യാഥാസ്ഥിതിക ചിന്തകളെ കൂടുതല്‍ രൂക്ഷമായി എതിര്‍ത്തായിരുന്നു ഗുര്‍മീതിന്റെ വരവ്. സംഘടനയുടെ ലക്ഷ്യം അത്തരം ചിന്തകളെ തുടച്ചു നീക്കുകയാണെന്ന് ഗുര്‍മീത് വാദിച്ചു. പക്ഷെ ദേരാ സച്ചാ സൗദ പതിയെ സമാന്തര മതസ്ഥാപനം കണക്കെ വളര്‍ന്നു. പണം കുന്ന് കൂടി. സിഖ് മതസ്ഥരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 2007ല്‍ ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോര്‍സ്,ഇക്‌നൂര്‍ ഖല്‍സ ഫൗജ് തുടങ്ങിയ ഭീകര സംഘടനകള്‍ ഗുര്‍മീതിനെ ലക്ഷ്യമിട്ടിരുന്നു. പക്ഷെ രാഷ്ട്രീയ സമാജ് സേവാ സമിതി എന്ന പേരില്‍ സ്വന്തമായി സുരക്ഷാ സേന രൂപീകരിച്ചു ഗുര്‍മീത് എല്ലാവരെയും പ്രതിരോധിച്ചു.
ഗുര്‍മീതിന്റെ സൈന്യത്തില്‍ നിലവില്‍ 10000പേരുണ്ടെന്നാണ് കണക്ക്. ഭിന്നലിഗക്കാര്‍ക്ക് വേണ്ടി സംസാരിച്ചും ലൈംഗികത്തൊഴിലാളികളുടെ വിവാഹം നടത്തിയുമൊക്കെ പോതുസമ്മതി നേടി. അനുയായികളുടെ എണ്ണം കൂടിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സിര്‍സയിലെ ആശ്രമത്തിന് മുന്നില്‍ കാത്ത് നില്‍ക്കാന്‍ തുടങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുര്‍മീത് പിന്തുണ ബി.ജെ.പിക്ക് നല്‍കി. തനിക്ക് നായകനായി അഭിനയിക്കാന്‍ മെസഞ്ചര്‍ ഓഫ് ഗോഡ്,ദ വാരിയര്‍ ഓഫ് ലയണ്‍ ഹാര്‍ട്ട് തുടങ്ങീ ചിത്രങ്ങള്‍ ഗുര്‍മീത് നിര്‍മിച്ചു. ആള്‍ ദൈവമായി അനീതിക്കാരെ തുടച്ച് നീക്കുന്ന സൂപ്പര്‍ ഹീറോയായി അഭിനയിച്ച് തകര്‍ത്തു. നിരൂപകര്‍ ചവറ്റുകൊട്ടിയിലിട്ടെങ്കിലും വ്യക്തിപരമായി ചിത്രങ്ങള്‍ ഗുര്‍മീതിന് നേട്ടമായി. സ്റ്റേജ് ഷോകളിലും മിന്നും പ്രകടനങ്ങള്‍.
2002ല്‍ അല്ല ഗുര്‍മീതിനെതിരെ ആദ്യമായി ആരോപണങ്ങളുയരുന്നത്. 1993ല്‍ ദേരാസച്ചാ സൗദയിലെ മാനേജര്‍ ഫാകിര്‍ ചന്ദ് കൊല്ലപ്പെട്ട കേസിലും പ്രതിയിയിരുന്നെങ്കിലും അന്വേഷണ സംഘം തെളിവില്ലാതെ കേസ് അവസാനിപ്പിച്ചു.പീഢനക്കേസിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലും ഈ ആള്‍ ദൈവം പ്രതിയാണ്.

ram-rahim-650_650x400_51503673809സിര്‍സയിലെ
റോക്ക് സ്റ്റാര്‍ ഗുരു
ചണ്ഡീഗഡ്: പീഡനക്കേസില്‍ പഞ്ച്കുള സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹിം സിങ് പഞ്ചാബ്-ഹരിയാനയിലെ റോക്ക്‌സ്റ്റാര്‍ ഗുരു എന്നാണ് അറിയപ്പെടുന്നത്. അത്യാഢംപര പൂര്‍ണമാണ് ഈ വിവാദഗുരുവിന്റെ ജീവിതം. വിദേശ ആഢംബരവാഹനങ്ങള്‍ സ്വന്തമാണ്. അതിനു പുറമേ, തലയ്ക്കു പിടിച്ച ഫാഷന്‍ ഭ്രമവും. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുറത്തിറങ്ങാറുള്ളത്. ഇതിന് പുറമേയാണ് സര്‍ക്കാറിന്റെ ഇസഡ് കാറ്റഗറിയിലുള്ള സുരക്ഷ.

എഴുന്നൂറ് ഏക്കറിലെ ആശ്രമം
ഹരിയാനയിലെ സിര്‍സയില്‍ എഴുന്നൂറ് ഏക്കറില്‍ പരന്നു കിടക്കുന്നതാണ് റാം റഹിമിന്റെ ആശ്രമം. ആശ്രമം എന്ന പേരാണെങ്കിലും ഇതൊരു നഗരമാണ്. ഇതില്‍ രണ്ടു ലോകമുണ്ടെന്നാണ് കേള്‍വി. ഒന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നത്. ഇതില്‍ ധര്‍മശാലയും ആസ്പത്രിയും മറ്റു സൗകര്യങ്ങളുമുണ്ട്. രണ്ടാമത്തേത് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത അധോലോകമാണ്. ഇവിടേക്ക് അടുത്ത അനുയായികള്‍ക്ക് പോലും പ്രവേശനം അനുവദിക്കാറില്ലത്രെ. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഗുഹ പോലുള്ള ഇടത്താണ് ഇദ്ദേഹത്തിന്റെ താമസമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റോക്ക് സ്റ്റാര്‍ ബാബ
റോക്ക്സ്റ്റാര്‍ ബാബ എന്നാണ് റാം റഹിം അറിയപ്പെടുന്നത്. ആറ് വ്യത്യസ്ത ശബ്ദത്തില്‍ ആറു പാട്ടുകള്‍ റെക്കോര്‍ഡുകള്‍ ചെയ്തിട്ടുണ്ട്. ലവ് ചാര്‍ജര്‍, ചോര ബബ്ബര്‍ ഷേര്‍ കാ, നെറ്റ്‌വര്‍ക്ക് തേരെ ലവ്, കാ ലവ് റബ് സെ, താങ്ക് യു ഫോര്‍ ദാറ്റ് തുടങ്ങിയവ ആല്‍ബങ്ങളാണ്.

കുട്ടിക്കാലം
രാജസ്ഥാനിലെ ഗംഗാനഗറില്‍ 1967 ഓഗസ്റ്റ് 15നാണ് ഇദ്ദേഹത്തിന്റെ ജനനം. കര്‍ഷകനായിരുന്നു അച്ഛന്‍. ദേര സച്ച സൗദ വിഭാഗത്തിന്റെ രണ്ടാം തലവനായിരുന്ന ഷാ സത്‌നം ജിയുടെ അനുയായിആയിരുന്നു പിതാവ്. 23ാം വയസ്സില്‍ സത്‌നം ജിയാണ് ഇദ്ദേഹത്തെ മൂന്നാം തലവനായി പ്രഖ്യാപിച്ചത്.

ആഢംബര പ്രിയന്‍
ആഢംബര കാറുകളോട് അങ്ങേയറ്റത്തെ ഭ്രമമുള്ളയാളാണ്ഇദ്ദേഹം. ലക്‌സസ്, മേഴ്‌സിഡസ്, ഓഡി, ബി.എം.ഡബ്ല്യൂ റേഞ്ച് റോവര്‍, ബ്ലാക് ഫോര്‍ഡ് എന്‍ഡീവര്‍ തുടങ്ങിയ കാറുകളിലാണ് സഞ്ചാരം. മിക്കതും ബുള്ളറ്റ് പ്രൂഫ് കാറുകളാണ്. സുരക്ഷാ കാരണങ്ങളാല്‍ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കാറില്ല.
നിരവധി വിദേശകാറുകളുടെ അപൂര്‍വ ശേഖരം തന്നെയുണ്ടെന്ന്് പറയപ്പെടുന്നു. ഇത്തരം കാറുകള്‍ ഓടിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ
ഇസഡ് പ്ലസ് സുരക്ഷയുള്ള 36 വി.വി.ഐ.പികളില്‍ ഒരാളാണ് ഇദ്ദേഹം. രാജ്യത്തു തന്നെ 36 പേര്‍ക്ക് മാത്രമാണ് ഇസഡ്പ്ലസ് കാറ്റഗറി സുരക്ഷയുള്ളൂ. ഇതിനു പുറമേ, സ്വന്തം നിലയില്‍ സുരക്ഷാ സേനയും ബ്ലാക് ക്യാറ്റ്‌സുകളുമുണ്ട്. സഞ്ചരിക്കുന്നിടത്തെല്ലാം ഇവരെയും കൊണ്ടു പോകാറുണ്ട്. കേരളത്തിലെത്തിയപ്പോള്‍ 150 ഓളം സുരക്ഷാ ഉദ്യോഗസ്ഥരുമായാണ് ഇദ്ദേഹമെത്തിയിരുന്നത്.

സിനിമ
അഞ്ചു സിനിമകളില്‍ അഭിനയിച്ച സിനിമാക്കാരന്‍ കൂടിയാണ് റാം റഹിം. എം.എസ്.ജി ഓണ്‍ലൈന്‍ ഗുരുകുല്‍ എന്ന ആറാം സിനിമ പുറത്തിറങ്ങാനിരിക്കുകയുമാണ്. ഇദ്ദേഹം ബുള്ളറ്റില്‍ പോകുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 2015 ഫെബ്രുവരിയില്‍ എം.എസ്.ജി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. എം.എസ്.ജി രണ്ട് ആയിരുന്നു രണ്ടാം സിനിമ. റിലീസ് ചെയ്ത് മൂന്നാം വാരത്തില്‍ തന്നെ സിനിമ 275 കോടി നേടി എന്നാണ് റാം റഹിമിന്റെ അവകാശവാദം. എം.എസ്.ജി ദ വാര്യര്‍, ഹിന്ദ് കാ നാപാക് കോ ജവാബ്, ജാട്ടു എഞ്ചിനീയര്‍ എന്നിവയാണ് മറ്റു സിനിമകള്‍.

റിയാലിറ്റി ഷോ
റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് 9 ല്‍ പങ്കെടുക്കാന്‍ സമ്മതിച്ചിരുന്നു ഇദ്ദേഹം. രണ്ട്, മൂന്ന് മണിക്കൂര്‍ ഇടവിട്ട് അനുയായികളെ കാണാന്‍ വീട്ടിലേക്ക് പോകണം എന്നതായിരുന്നു നിബന്ധന.

രാഷ്ട്രീയം
2015ല്‍ അരവന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പിടിച്ചടക്കിയ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രത്യക്ഷമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു ഇദ്ദേഹം. 2007ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരോക്ഷ പിന്തുണ നല്‍കി. ഇദ്ദേഹത്തിന്റെ മകന്‍ ജസ്മീത് സിങ് ഇന്‍സാന്‍ വിവാഹം കഴിച്ചിട്ടുള്ളത് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് ഹര്‍മിന്തര്‍ സിങ് ജാസ്സിയുടെ മകളെയാണ്.

19 ഗിന്നസ് റെക്കോഡ്!
തനിക്ക് 19 ഗിന്നസ് റെക്കോഡുകള്‍ ഉണ്ട് എന്നാണ് റാം റഹിമിന്റെ വാദം. ഫിംഗര്‍ പെയ്ന്റിങ്, വെജിറ്റബ്ള്‍ മൊസൈക്, ഓയില്‍ലാംപ് ഡിസ്‌പ്ലേ തുടങ്ങിയ ഇനങ്ങളിലാണ് റെക്കോഡ്!.

സാമൂഹ്യക്ഷേമ
പരിപാടികള്‍
27 വര്‍ഷമായി ദേര സച്ചയുടെ മേധാവി സ്ഥാനത്തുള്ള ഇദ്ദേഹം നിരവധി സാമൂഹ്യക്ഷേമ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നതായി സംഘടനയുടെ വെബ്‌സൈറ്റ് പറയുന്നു. ശുചീകരണം, രക്തനിര്‍ണയം, പ്രമേഹം, കൊളസ്‌ട്രോള്‍ പരിശോധന തുടങ്ങിയവയാണ് നടത്തിവരാറുള്ളത്.

വിശേഷണങ്ങള്‍
സ്വന്തം വെബ്‌സൈറ്റില്‍ നിരവധി വിശേഷണങ്ങളാണ് റാം റഹിം ചാര്‍ത്തിയിട്ടുള്ളത്. അതില്‍ ചിലവ ഇങ്ങനെ; മികച്ച ഭരണാധികാരി, ഡീ അഡിക്്ഷന്‍ സ്‌പെഷ്യലിസ്റ്റ്, ആഗോള താപനം കുറച്ചു കൊണ്ടുവരാന്‍ യത്‌നിക്കുന്നയാള്‍, കര്‍മയോഗി, ജ്ഞാന യോഗി, ഫെമിനിസ്റ്റ്, ജല-ശുചീകരണ വിദഗ്ധന്‍, കോസ്റ്റ് എഫക്ടീവ് ടെക്‌നോളജി ഡെവലപ്പര്‍, പാചക വിദഗ്ധന്‍, പോഷകാഹാര വിദഗ്ധന്‍…

വാര്‍ഷിക വരുമാനം
ഹിന്ദി മാധ്യമമായ ജന്‍സത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് റാം റഹിമിന്റെ വാര്‍ഷിക വരുമാനം 60 കോടി രൂപയാണ്. ആയിരക്കണക്കിന് കോടികള്‍ വരും ആസ്തി. എല്ലാം നികുതി രഹിതമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.