മുംബൈ: മൂന്ന് തോല്‍വികള്‍ക്ക് ശേഷം മുംബൈക്കാര്‍ ഗംഭീരമായി തിരിച്ചെത്തി. വിരാത് കോലി നയിച്ച ബാംഗ്ലൂര്‍ റോയല്‍സിനെതിരെ ആധികാരിക പ്രകടനവുമായി രോഹിത് ശര്‍മയുടെ ടീം കരുത്ത് കാട്ടി. രോഹിത് സെഞ്ച്വറിക്കടുത്ത പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിരാത് കോലിക്ക് പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍. അവരുടെ സൂപ്പര്‍ ടീമുകള്‍. മുംബൈ വാംഖഡെയിലെ മാമാങ്കം പ്രതീക്ഷിച്ചത് പോലെ സുന്ദരമായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും മുംബൈക്കായിരുന്നില്ല ടോസ്. മൂന്ന് കലികളിലും രോഹിത് ശര്‍മയുടെ ടീം അവസാന പന്തുകളില്‍ തളരുകയും ചെയ്തു. ഇന്നലെയും ടോസ് ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നില്ല. വിരാത് കോലിക്കായിരുന്നു നാണയത്തിന്റെ ആനുകൂല്യം. സ്വന്തം നിരയിലെ കരുത്ത് മനസ്സിലാക്കി തന്നെ കോലി മുംബൈക്കാരെ ബാറ്റിംഗിന് വിളിച്ചു. മുംബൈ സംഘത്തില്‍ ഒരു മാറ്റം മാത്രമാണുണ്ടായിരുന്നത്. സ്പിന്നര്‍ അഖില ധനഞ്ജയക്ക് പകരം ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ മക്‌ലാനന്‍ ഇറങ്ങി. ബാംഗ്ലൂരാവട്ടെ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ആദ്യ മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയ കിവിക്കാരനായ ഓപ്പണര്‍ ബ്രെന്‍ഡന്‍ മക്കലത്തിന് പകരം കറി ആന്‍ഡേഴ്‌സണ്‍ രംഗത്ത്് വന്നു. ഇന്ത്യന്‍ സീമര്‍ മുഹമ്മദ് സിറാജിന് ഈ ഐപി.എല്ലിലെ ആദ്യ മല്‍സരത്തിന് കോലി അവസരം നല്‍കിയപ്പോള്‍ കുല്‍വന്ത് കേജ്‌റോലിയ പുറത്തായി. ലെഫ്റ്റ് ആം സ്പിന്നര്‍ പവന്‍ നേഗിക്ക് പകരം സര്‍ഫ്രാസ് ഖാന്‍ ഇറങ്ങി.
ദയനീയമായിരുന്നു മുംബൈയുടെ തുടക്കം. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ആദ്യ പന്തില്‍ ഓപ്പണര്‍ സുര്യ യാദവ് പുറത്ത്. ഉമേഷ് യാദവിന്റെ പേസില്‍ പ്രതിരോധം തകര്‍ന്ന് യുവതാരം മടങ്ങിയതിന് പിറകെ രണ്ടാം പന്തില്‍ ഇഷാന്‍ കിഷനും പുറത്ത്. ആദ്യ പന്ത് പോലെ ക്യത്യമായ രണ്ടാം പന്തില്‍ യാദവ് കിഷനെ തിരിച്ചയച്ചപ്പോള്‍ വാംഖഡെയിലെ മുംബൈ ഫാന്‍സ് ഞെട്ടി. സ്‌ക്കോര്‍ രണ്ട് വിക്കറ്റിന് 0 റണ്‍സ്. മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ഇവിന്‍ ലൂയിസിന് കുട്ടായി നായകന്‍ രോഹിത് ശര്‍മ വരുമ്പോള്‍ ശോക മൂകമായിരുന്നു ഗ്യാലറികള്‍. ഈ സഖ്യം പതുക്കെ നിലയുറപ്പിച്ചതോടെ റണ്‍സ് വരാന്‍ തുടങ്ങി. ലൂയിസായിരുന്നു ആക്രമണത്തില്‍ മുമ്പന്‍. അഞ്ച് സിക്‌സറുകളും ആറ് ബൗണ്ടറികളുമായി അദ്ദേഹം മൈതാനം വാണു. 42 പന്തില്‍ 65 റണ്‍സുമായി ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്താവുമ്പോള്‍ മുംബൈ സ്‌ക്കോര്‍ 100 കടന്നിരുന്നു. ലൂയിസ് മടങ്ങിയ ശേഷം രോഹിത് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. ചടപടാ ഷോട്ടുകള്‍. കുനാല്‍ പാണ്ഡ്യ, കിരണ്‍ പൊലാര്‍ഡ് തുടങ്ങിയവര്‍ വന്ന് പെട്ടെന്ന് മടങ്ങിയെങ്കിലും അതൊന്നും രോഹിതിന്റെ ഇന്നിംഗ്‌സിനെ ബാധിച്ചില്ല. അഞ്ച് സിക്‌സറുകളും പത്ത് ബൗണ്ടറികളുമായി അദ്ദേഹം കളം വാണപ്പോള്‍ കോലി പലപ്പോഴും ക്ഷുഭിതനായി. അമ്പയര്‍മാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തു. കേവലം അഞ്ച് പന്തുകള്‍ മാത്രം നേരിട്ട ഹാര്‍ദിക് പാണ്ഡ്യ പുറത്താവാതെ 17 റണ്‍സ് നേടിയപ്പോള്‍ സ്‌ക്കോര്‍ 200 കടന്നു.മറുപടി ബാറ്റിംഗില്‍ ബംഗളൂരുവിന് സാമാന്യം ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മക്‌ലാനന്‍ രംഗത്ത് വന്നതോടെ ദക്ഷിണാഫ്രിക്കക്കാരനായ ഓപ്പണര്‍ ബ്രെന്‍ഡന്‍ ഡികോക്ക് മടങ്ങി. കോലിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഡികോക്ക് 12 പന്തില്‍ 19 റണ്‍സ് നേടി. തുടര്‍ന്നായിരുന്നു ബംഗളൂരുവിന് വലിയ ആഘാതമായി എബി ഡി വില്ലിയേഴ്‌സ് ഒരു റണ്ണുമായി പുറത്തായത്. മക്‌ലാനന്റെ പന്തില്‍ ഹാര്‍ദിക്കിന് ക്യാച്ച്. കോലിക്ക് കൂട്ടായി വന്ന മന്‍ദീപിനും വലിയ ഇന്നിംഗ്‌സ് കളിക്കാനായില്ല. 16 ല്‍ അദ്ദേഹവും പിറകെ നേരിട്ട ആദ്യ പന്തില്‍ ആന്‍ഡേഴ്‌സണും മടങ്ങിയതോടെ കളി പൂര്‍ണമായും മുംബൈ വരുതിയിലായി. ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി.