നൊവൊഗാര്‍ഡ്: ലോകകപ്പ് ഗ്രൂപ്പ് ജി മത്സരത്തില്‍ നിഷ്‌നി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് സംഹാര താണ്ഡവമാടിയപ്പോള്‍ കന്നിക്കാരായ പാനമ എട്ടു നിലയില്‍ പൊട്ടി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ട് പാനമയെ ചതച്ചത്. നിരവധി ഇംഗ്ലീഷ് റെക്കോര്‍ഡുകള്‍ കണ്ട മത്സരത്തില്‍ ഒന്നാം പകുതിയില്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു.
ഹാട്രിക് നേടിയ ഹാരി കെയ്‌നും, ഡബിളടിച്ച സ്‌റ്റോണ്‍സുമാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ കരുത്ത് പകര്‍ന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പില്‍ ആറു ഗോളടിക്കുന്നത്. രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തു നേടിയപ്പോള്‍. തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ പാനമ മടക്ക ടിക്കറ്റും സ്വന്തമാക്കി. ഇംഗ്ലണ്ടിനൊപ്പം ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയവും പ്രീ ക്വാര്‍ട്ടറിന് ടിക്കറ്റെടുത്തു. പാനമക്കൊപ്പം ടുണീഷ്യയും ലോകകപ്പില്‍ നിന്ന് പുറത്തായി. എഴുപത്തിയെട്ടാം മിനിറ്റില്‍ ഫെലിപ്പ് ബലോയുടെ വകയായിരുന്നു പാനമയുടെ ആശ്വാസഗോള്‍.
ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ ബലോയ് നേടിയത് ലോകകപ്പിന്റെ ചരിത്രത്തിലെ പാനമയുടെ ആദ്യത്തെ ഗോളാണ്. ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാണ് 37കാരനായ ബലോയ്. 22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ആദ്യത്തെ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നും മൂന്നാമത്തേത് ഭാഗ്യത്തിന്റെ അകമ്പടി കൊണ്ട് സ്വന്തം പേരില്‍ കുറിക്കപ്പെട്ട ഒന്നും. ലോഫ്റ്റസ് ചീക്കിന്റെ ഒരു വെടിയുണ്ട കെയ്‌നിന്റെ കാലില്‍ തട്ടി നെറ്റിലെത്തുകയായിരുന്നു.
ഇതോടെ ഈ ലോകകപ്പിലെ മൊത്തം ഗോള്‍ സമ്പാദ്യം അഞ്ചാക്കിയ കെയ്ന്‍ ഗോള്‍വേട്ടയില്‍ മുന്നിലെത്തി. നാലു ഗോള്‍ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, റൊമേലു ലുക്കാക്കുവുമാണ് രണ്ടാം സ്ഥാനത്ത്. എട്ട്, നാല്‍പത് മിനിറ്റുകളിലായിരുന്നു ജോണ്‍ സ്‌റ്റോണ്‍സിന്റെ ഗോളുകള്‍. മുപ്പത്തിയാറാം മിനിറ്റില്‍ ജെസ്സെ ലിംഗാര്‍ഡും ഇംഗ്ലണ്ടിനുവേണ്ടി വല കുലുക്കി.
ഒരു കോര്‍ണറില്‍ നിന്നായിരുന്നു സ്‌റ്റോണ്‍സിന്റെ ഗോള്‍. പ്രതിരോധഭടന്മാരുടെ മാര്‍ക്കിങ്ങില്‍ നിന്ന് മാറി ഒറ്റപ്പെട്ടുനിന്ന് തൊടുത്ത ഹെഡ്ഡറിന് മുന്നില്‍ പാനമ ഗോളി നിസ്സഹായനായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടിയുളള സ്‌റ്റോണ്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്. പെനാല്‍റ്റിയിലൂടെയാണ് കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തിയത്. എസ്‌കോബാര്‍ ബോക്‌സില്‍ ലിങ്ഗാര്‍ഡിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയാണ് അനായാസം വലയിലാക്കി കെയ്ന്‍ ലീഡ് രണ്ടാക്കിയത്. ടുണീഷ്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കെയ്ന്‍ രണ്ട് ഗോള്‍ നേടിയിരുന്നു. നാലു മിനിറ്റിനുള്ളിലായിരുന്നു പിന്നീടുള്ള രണ്ട് ഗോളുകള്‍. ബോക്‌സിന്റെ പുറത്ത് നിന്ന് പിടിച്ചെടുത്ത പന്തുമായി വേഗത കൂട്ടി ഡിഫന്‍ഡറെ കബളിപ്പിച്ച് ലിങ്ഗാര്‍ഡ് തൊടുത്ത ഷോട്ടിന് മുന്നില്‍ പാനമ ഗോളി തീര്‍ത്തും നിസ്സഹായനായിരുന്നു.
ഒരു ഫ്രീകിക്കില്‍ നിന്ന് വീണുകിട്ടിയ പന്താണ് സ്‌റ്റോണ്‍സ് ഹെഡ്ഡറിലൂടെ വലയിലാക്കിയത്. ട്രിപ്പിയര്‍ എടുത്ത ഫ്രീകിക്കിനു ശേഷം ഹെന്‍ഡേഴ്‌സണ്‍ ബോക്‌സിലേയ്ക്ക് തന്ത്രപൂര്‍വം ചെത്തിയിട്ടുകൊടുത്ത പന്ത് ആദ്യം ഹെഡ്ഡ് ചെയ്തത് കെയ്ന്‍. പന്ത് കിട്ടിയ സ്‌റ്റെര്‍ലിങ് വലയിലേയ്ക്ക് കുത്തി. എന്നാല്‍, ഗോളി അത് തടുത്തിട്ടു. പക്ഷേ, തൊട്ടടുത്ത് നിന്ന സ്‌റ്റോണ്‍സിന് ഒന്ന് കുത്തിയിടുകയേ വേണ്ടിയിരുന്നുള്ളൂ സ്‌കോര്‍ 4-0. ഒരു കോര്‍ണറിനിടെ ഗോഡോയ് കെയ്‌നിനെ പിടിച്ചുവച്ചതിനാണ് ഇംഗ്ലണ്ടിന് രണ്ടാം പെനാല്‍റ്റി കിട്ടിയത്. കിക്കെടുക്കാനെത്തിയത് ഇത്തവണയും കെയ്ന്‍ തന്നെ.
ആദ്യ ഗോളിന് സമാനമായ ഫിനിഷിങ. വലയില്‍ നിന്നും പന്ത് പെറുക്കാന്‍ മാത്രമായിരുന്നു ഇത്തവണയും നിസ്സഹായനായ പാനമ ഗോളിയുടെ വിധി. 5-0. 62-ാം മിനിറ്റില്‍ ലോഫ്റ്റസ് ചീക്കിന്റെ ഷോട്ട് കെയ്‌നിന്റെ കാലില്‍ തട്ടി വലയിലേക്ക്. കെയ്‌നിന് ഹാട്രിക്്. ഇംഗ്ലണ്ടിന്റെ ഗോള്‍ സമ്പാദ്യം അരഡസന്‍. 6-0ന് പിന്നില്‍ നിന്നതോടെ അല്‍പം ഉണര്‍ന്ന് കളിച്ച പാനമ 78-ാം മിനിറ്റില്‍ ചരിത്രം കുറിച്ചു കൊണ്ട് ഫെലിപ്പ് ബലോയിയിലൂടെ ഇംഗ്ലീഷ് വല ചലിപ്പിച്ചു. സ്‌കോര്‍ 6-1.