Connect with us

More

ആഷസ് പരമ്പരയില്‍ ഓസീസ് ആധിപത്യം 

Published

on

അഡലെയ്ഡ്: ആദ്യ മണിക്കൂറായിരുന്നു പ്രധാനം. ഓവലിലെ മൂടിയിട്ട പിച്ച്. തണുത്ത സാഹചര്യം. ആ മണിക്കൂറിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ബൗളര്‍മാര്‍-വിശിഷ്യാ ഫാസറ്റ് ബൗളര്‍മാര്‍. ഈര്‍പ്പമുള്ള പിച്ചിനെ പ്രയോജനപ്പെടുത്തി പന്തിനെ ഇരുവശങ്ങളിലേക്കും മോഹിപ്പിച്ച് നല്‍കാം. ബാറ്റ്‌സ്മാന്മാര്‍ക്ക് ഈ മണിക്കൂര്‍ ഇടനെഞ്ചിലെ തീയാണ്… കണക്ക് കൂട്ടല്‍ ഒന്ന് പിഴച്ചാല്‍ പിറകില്‍ വിക്കറ്റ് കീപ്പര്‍, സ്ലിപ്പില്‍ നാലും അഞ്ചും പേര്‍, പോയന്റിലും ഗള്ളിയിലുമെല്ലാം അതീവ ജാഗ്രതയോടെ പന്തിനെ പിടികൂടാന്‍ ഫീല്‍ഡര്‍മാര്‍. നായകന്മാര്‍ക്കും സമ്മര്‍ദ്ദ മുഹൂര്‍ത്തമാണ് ഈ മണിക്കൂര്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ അവസാന ദിവസമായ ഇന്നലെ ഈ മണിക്കൂര്‍ അതിജയിക്കുക എന്ന വലിയ വെല്ലുവിളിക്ക് മുന്നിലായിരുന്നു ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താവട്ടെ തന്റെ രണ്ട് അതിവേഗ പേസര്‍മാരോട് ആ്ദ്യ മണിക്കൂറിന്റെ ഗൗരവവാവസ്ഥ പറഞ്ഞ് കൊടുത്തു. ഓവലില്‍ നിറയെ കാണികള്‍. സമ്മര്‍ദ്ദം അതിന്റെ പാരമ്യതയില്‍.

രണ്ട് കൂട്ടര്‍ക്കും തുല്യ സാധ്യത- അഥവാ 50-50 സാധ്യത. ഇംഗ്ലണ്ടിന് ജയിക്കാന്‍ 178 റണ്‍സ് വേണം. ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് പേര്‍ ബാറ്റിംഗിനുണ്ട്. ഓസ്‌ട്രേലിയക്ക് സ്വന്തം മൈതാനത്ത് പരാജയം ഒഴിവാക്കാന്‍ ഈ ആറ് പേരെ 178 റണ്‍സിനുള്ളില്‍ പുറത്താക്കണം. അമ്പയര്‍മാരായ അലീം ദറും ക്രിസ് ഗാഫനെയും മൈതാനത്ത് എത്തി. നിര്‍ണായകമായ അഞ്ചാം ദിവസം തുടങ്ങാന്‍ അവര്‍ സിഗ്നല്‍ നല്‍കി. ബൗളിംഗ് എന്‍ഡില്‍ ഓസ്‌ട്രേലിയയുടെ ഉയരക്കാരനായ സീമര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ക്രീസില്‍ ജോ റൂട്ടും നൈറ്റ് വാച്ച്മാന്‍ വോഗ്‌സും.

മോഹിപ്പിക്കുന്ന പന്തുകളായിരുന്നു സ്റ്റാര്‍ച്ചിന്റെ വക. ഹേസില്‍ വുഡിനായിരുന്നു രണ്ടാം ഓവര്‍. സ്മിത്ത് എല്ലാ ഫീല്‍ഡര്‍മാരെയും ക്ലോസ് ഇന്‍ സര്‍ക്കിളിലേക്ക് വിളിച്ചു. ബാറ്റിംഗില്‍ വിലാസമില്ലാത്ത വാലറ്റക്കാരെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഹേസില്‍വുഡിന്റെ സ്വിംഗിഗ് ഡെലിവറിയില്‍ വോഗ്‌സ് ബാറ്റ് വെച്ചില്ല. പക്ഷേ പന്ത് ബാറ്റിന്റെ നെറുകയില്‍ മുത്തം വെച്ചത് പോലെ ഒരു ശബ്ദം. ഓസീസ് ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ചെയ്തു. അമ്പയര്‍ അലീം ദര്‍ സംശയത്തോടെ നിന്നു. ഒടുവില്‍ അദ്ദേഹം വിരലുയര്‍ത്തി. സ്‌നിക്കോ മീറ്ററിലും കാര്യം റെഡി-ബാറ്റിലുരസിയിരിക്കുന്നു പന്ത് -പെയിനെക്ക് ക്യാച്ച്. ഓസ്ട്രേലിയന്‍ താരങ്ങള്‍ ആഘോഷത്തില്‍. ഇംഗ്ലീഷ് ക്യാമ്പില്‍ മ്ലാനത. ഗ്യാലറിയില്‍ ആരവങ്ങള്‍. വോഗ്‌സ് പുത്താവുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡ് ഇപ്രകാരം-അഞ്ച് വിക്കറ്റിന് 176. വീണ്ടും ഹേസില്‍വുഡ്. അടുത്ത ഓവര്‍. ഞെട്ടിക്കുന്ന പന്തുകള്‍. ജോ റൂട്ടിന് പ്രതിരോധത്തിനപ്പുറത്തേക്ക് കടക്കാനാവുന്നില്ല. അധികം താമസിയാതെ ഓസ്‌ട്രേലിയക്കാര്‍ മോഹിച്ച, ഇംഗ്ലീഷുകാര്‍ പ്രതീക്ഷയര്‍പ്പിച്ച നായകന്റെ പ്രതിരോധം അതാ പാളി-പെയിനെക്ക് തന്നെ ക്യാച്ച്. 123 പന്തുകള്‍ സംയമനത്തോടെ നേരിട്ട് 185 മിനുട്ട് ക്ഷമയോടെ ക്രീസില്‍ നിന്ന് നായകന്‍ തല താഴ്ത്തി മടങ്ങുമ്പോള്‍ ചിത്രം വ്യക്തമായിരുന്നു-ജയം ഓസീസ് പാതയില്‍.

അല്‍ഭുതങ്ങളായിരുന്നു പിന്നെ ഇംഗ്ലണ്ടിന് ആവശ്യം. ബാറ്റിംഗ് വിലാസമുള്ള മോയിന്‍ അലിയില്‍ ചിലരെല്ലാം പ്രതീക്ഷയര്‍പ്പിച്ചു. പക്ഷേ പരമ്പരയിലുടനീളം ഗംഭീര പ്രകടനം നടത്തുന്ന സ്പിന്നര്‍ നതാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കേവലം രണ്ട് റണ്ണുമായി അലിയും നടന്നകന്നതോടെ ഇംഗ്ലീഷ് കാണികള്‍ ഗ്യാലറി വിടാന്‍ തുടങ്ങി. ആദ്യ ഒരു മണിക്കൂറില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് വീണത്. ബെയര്‍‌സ്റ്റോ പക്ഷേ തകര്‍പ്പന്‍ ഷോട്ടുകളുമായി പരാജയം വൈകിപ്പിച്ചു. അഞ്ച് ബൗണ്ടറികളുമായി 57 പന്തില്‍ 36 റണ്‍സ് നേടി യുവതാരം. പക്ഷേ വാലറ്റത്തിനെ വിറപ്പിക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസ് ധാരാളമായിരുന്നു. ഒടുവില്‍ 84.2 ഓവറില്‍ 233 റണ്‍സിന് ഇംഗ്ലീഷ് ചെറുത്തുനില്‍പ്പ് അവസാനിച്ചു. 51 റണ്‍സ് മാത്രമാണ് ഇന്നലെ ടീമിന് നേടാനായത്. 19.2 ഓവര്‍ പന്തെറിഞ്ഞ സ്റ്റാര്‍ക്ക് 88 റണ്‍സിന് അഞ്ച് വിക്കറ്റ് നേടി ഇംഗ്ലീഷ് പതനം ഉറപ്പാക്കിയപ്പോള്‍ ഹേസില്‍വുഡ് രണ്ട് വിക്കറ്റ് നേടിയത് 49 റണ്‍സിന്. ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ പുറത്താവാതെ 126 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് കളിയിലെ കേമന്‍. പരമ്പരയില്‍ ഇതോടെ ഓസീസ് വ്യക്തമായ 2-0 ലീഡ് നേടി. അടുത്ത മല്‍സരം പെര്‍ത്തിലാണ്. അതിന് മുമ്പ് രണ്ട് ദിവസത്തെ പരിശീലന മല്‍സരം ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.

Health

നിപ ബാധിച്ച് മരിച്ച കുട്ടി അമ്പഴങ്ങ കഴിച്ചെന്ന് സംശയം; പ്രദേശത്ത് വവ്വാൽ സാന്നിധ്യം

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികൾക്കും സമ്പർക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു

Published

on

മഞ്ചേരി പാണ്ടിക്കാടില്‍ 14 വയസുകാരന് നിപ ബാധിച്ചത് കാട്ടമ്പഴങ്ങയില്‍ നിന്നാണെന്ന് പ്രാഥമിക നിഗമനം. ഐ.സി.എം.ആര്‍ സംഘം വിശദമായ പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. 14 കാരന് നിപ വന്നതിന്റെ ഉറവിടം ആരോഗ്യ വകുപ്പ് ഏതാണ്ട് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ.

അതേസമയം കുട്ടിയുടെ സുഹൃത്തുക്കളാരും കാട്ടമ്പഴങ്ങ കഴിച്ചിട്ടില്ല. കുട്ടി അമ്പഴങ്ങ ഭക്ഷിച്ച സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും ഉള്‍പെടെ 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. ഐ.സി.എം.ആര്‍ സംഘം മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും. നിപയുടെ ഉറവിടം സംബന്ധിച്ച പരിശോധനയില്‍ ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞരും പങ്കാളികളാകും. പുന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈല്‍ ലാബ് എത്തുന്നതോടെ പരിശോധനകള്‍ വേഗത്തിലാകും.

അതിനിടെ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികള്‍ക്കും സമ്പര്‍ക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു. സമ്പര്‍ക്ക പട്ടികയിലുള്ള 6 പേര്‍ക്ക് പനിയുണ്ട്. കുട്ടിയെ ചികിത്സിച്ച നഴ്‌സ് ഉള്‍പെടെ രണ്ട് പാലക്കാട് ജില്ലക്കാര്‍ നിരീക്ഷണത്തിലാണ്.

കുട്ടി ചികിത്സക്ക് എത്തിയ ആശുപത്രിയില്‍ അതേസമയം ചികിത്സക്ക് വന്ന തിരുവനന്തപുരം സ്വദേശിക്ക് കടുത്ത പനി തുടരുകയാണ്. ഇദ്ദേഹത്തിനെപ്പം ഉണ്ടായിരുന്ന മറ്റൊരാളും ഇവരോടെപ്പം സഞ്ചരിച്ച മറ്റ് രണ്ട് പേരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

Continue Reading

Health

നിപ സമ്പർക്ക പട്ടികയില്‍ 350 പേർ; ഹൈ റിസ്ക് വിഭാഗത്തില്‍ 110 പേർ; പാലക്കാട്, തിരുവനന്തപുരം ജില്ലയിലുള്ളവരും സമ്പർക്ക പട്ടികയില്‍

തിരുവനന്തപുരത്തുള്ള 4 പേരില്‍ രണ്ടു പേർ പ്രൈമറി കോണ്ടാക്റ്റും രണ്ടു പേർ സെക്കന്‍ഡറി കോണ്ടാക്റ്റുമാണ്.

Published

on

നിപ സമ്പർക്ക പട്ടികയിൽ 350 പേരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതില്‍ 110 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. സമ്പർക്ക പട്ടികയില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയിലുള്ളവരുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ നാലു പേരും പാലക്കാട് ജില്ലയിലെ രണ്ടു പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്.  തിരുവനന്തപുരത്തുള്ള 4 പേരില്‍ രണ്ടു പേർ പ്രൈമറി കോണ്ടാക്റ്റും രണ്ടു പേർ സെക്കന്‍ഡറി കോണ്ടാക്റ്റുമാണ്. പാലക്കാട് ജില്ലയിൽ സമ്പർക്കത്തിലുള്ള രണ്ടു പേരില്‍ ഒരാള്‍ ആരോഗ്യ പ്രവർത്തകനാണ്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയായ കുട്ടി നിപ ബാധിച്ച് മരിച്ചത്. നിപ സ്ഥിരീകരിച്ച് മരണപ്പെട്ട കുട്ടിയുടെ അപ്ഡേറ്റ് ചെയ്ത റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പിൽ പറഞ്ഞ സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണം.

നിപ സ്ഥിരീകരിച്ചതോടെ ഐസിഎംആര്‍-കേന്ദ്ര സംഘം കോഴിക്കോട് എത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കൽ വിദഗ്ധരുമടങ്ങുന്ന സംഘമാണിത്. നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തും. ഇതോടെ പൂനൈ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധന ഇവിടെവെച്ച് തന്നെ നടത്താനും ഫലം വേഗത്തിൽ തന്നെ ലഭ്യമാക്കാനും സാധിക്കും.

നിപ ബാധിച്ച് പാണ്ടിക്കാട് ചെമ്പ്രശേരിയിലെ പതിനാലുകാരൻ മരിച്ചതോടെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി. കുട്ടിയുടെ വീട് പാണ്ടിക്കാട്ടും പഠിച്ച സ്കൂൾ ആനക്കയം പഞ്ചായത്തിലുമാണ്. ഈ പഞ്ചായത്തുകളിൽ പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്ക്വാഡുകളും പരിശോധന തുടരുകയാണ്.

അതിജാഗ്രതയുടെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലുകളോട് നാട്ടുകാർ പൂർണമായി സഹകരിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വാഹന അനൗൺസ്മെന്‍റിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. പോലീസ് പരിശോധന ഊർജിതം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരേ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. വിവാഹസത്കാര ചടങ്ങുകളിലും നിരീക്ഷണമുണ്ട്

Continue Reading

Health

കോഴിക്കോട് വൈറോളജി ലാബ്: സർക്കാർ അനാസ്ഥ പ്രതിഷേധാർഹം – പി.കെ ഫിറോസ്

ഈ സാഹചര്യത്തിൽ ഉയർന്ന ജനങ്ങളുടെ ആവശ്യമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അനാസ്ഥ കാരണം വഴി മുടങ്ങി നിൽക്കുന്നത്.

Published

on

കോഴിക്കോട് : തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോഴിക്കോട് ബയോസേഫ്റ്റി ലെവൽ – 3 ( ബി.എസ്.എൽ- 3 ) സൗകര്യങ്ങളോട് കൂടിയ ആധുനിക വൈറോളജി ലാബ് പ്രാവർത്തികമാക്കുന്നതിൽ കടുത്ത അനാസ്ഥ തുടരുന്ന കേന്ദ്ര-കേരള സർക്കാറുകളുടെ സമീപനം പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. 2018ൽ നിപ കാരണം 17 പേർ മരണപെട്ടതിനെ തുടർന്ന് 2019 ജൂണിലാണ് അഞ്ചരക്കോടി ചെലവിൽ കോഴിക്കോട്ട് വൈറോളജി ലാബ് നിർമ്മിക്കാൻ കേന്ദ്രാനുമതി ലഭിച്ചത്.

2020 ൽ നിർമ്മാണം തുടങ്ങിയെങ്കിലും ഇത് വരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കരാർ പ്രകാരം 2022 ൽ ലാബ് പ്രവർത്തന സജ്ജമാകേണ്ടതായിരുന്നു. ജില്ലയിൽ 2018 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപ നിയന്ത്രണ വിധേയമാക്കിയിരുന്നെങ്കിലും വൈറസ് മനുഷ്യരിലേക്ക് പടരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഉയർന്ന ജനങ്ങളുടെ ആവശ്യമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അനാസ്ഥ കാരണം വഴി മുടങ്ങി നിൽക്കുന്നത്.

ഇപ്പോൾ വീണ്ടും നിപ കാരണം മലപ്പുറം പാണ്ടിക്കാട് സ്വദേശി അഷ്മിൽ മരണപ്പെട്ടിരിക്കുന്നു. നിപ പോലുള്ള രോഗങ്ങളുടെ സ്ഥിരീകരണത്തിന് ഇപ്പോഴും പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് അയക്കുന്നത്. കോഴിക്കോട്ട് ഇത് യാഥാർത്ഥ്യമായാൽ പെട്ടന്ന് ഫലം ലഭിക്കുകയും രോഗ ചികിത്സ നടത്തുകയും ചെയ്യാം. ജനങ്ങൾ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന വൈറോളജി ലാബ് എത്രയും പെട്ടന്ന് പ്രവർത്തന സജ്ജമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം വലിയ പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Continue Reading

Trending