തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ നിന്ന് രാജിവെച്ചു. ദേശാഭിമാനിയിലെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവായിരുന്നു ശ്രീജിത്ത്. ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്തതിന് ശ്രീജിത്തിനെ ഇന്നലെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് പാര്‍ട്ടി നിന്ന് പുറത്താക്കിയത്. ദേശാഭിമാനിയില്‍ നിന്ന് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണവും ശ്രീജിത്തിനെതിരെ പാര്‍ട്ടി ഉന്നയിക്കുന്നുണ്ട്. ശ്രീജിത്തിന്റെ പ്രാഥമിക അംഗത്വം പുതുക്കി നല്‍കേണ്ടയെന്നാണ് ബ്രാഞ്ച് കമ്മിറ്റിയുടെ തീരുമാനം. അതേസമയം പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം താന്‍ മാര്‍ച്ചില്‍ തന്നെ പുതുക്കിയെന്ന് ശ്രീജിത്ത് പറഞ്ഞു. 16 വര്‍ഷമായി താന്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ദേശാഭിമാനി. പതിനഞ്ച് വര്‍ഷം എഡിറ്റോറിയല്‍ വിഭാഗത്തിലും ഒരു വര്‍ഷം മാര്‍ക്കറ്റിങ് വിഭാഗത്തിലും പ്രവര്‍ത്തിച്ചു. ദേശാഭിമാനിയില്‍ നിന്ന് പടിയിറങ്ങുന്നത് അത്യന്തം വേദനയോടെയാണെന്നും ശ്രീജിത്ത് പറഞ്ഞു. സ്ത്രീ വിഷയവും സാമ്പത്തിക തിരിമറിയും പോലുള്ള ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും ഭേദം പാര്‍ട്ടി തന്നെ കൊല്ലുന്നതായിരുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു. മാര്‍ക്കറ്റിങ് വിഭാഗത്തിലെ മികച്ച പ്രവര്‍ത്തനത്തിന് ദേശാഭിമാനിയില്‍ നിന്ന് തനിക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 12 ലക്ഷം രൂപയെന്ന ടാര്‍ഗറ്റ് മറികടന്ന് താന്‍ 16 ലക്ഷത്തിലേറെ രൂപ ദേശാഭിമാനിക്കു വേണ്ടി നേടികൊടുത്തതിനായിരുന്നു അവാര്‍ഡ്. അത്തരത്തിലൊരാള്‍ക്കു നേരെയാണ് സാമ്പത്തിക ക്രമകേട് ആരോപിക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.